arjun-motherpressmeet

അര്‍ജുന്‍ ജീവനോടെ ഇനി തിരിച്ചുവരുമെന്ന് പ്രതീക്ഷയില്ലെന്ന് അമ്മ ഷീല. സൈന്യം വന്നിട്ടും കാര്യമുണ്ടായില്ല. സൈന്യത്തിന് വേണ്ട നിര്‍‌ദേശം കിട്ടിയിട്ടില്ല. പട്ടാളത്തെ അഭിമാനത്തോടെ കണ്ടവരാണ് ഞങ്ങള്‍. സഹനത്തിന്റെ പരിധി കഴിഞ്ഞു. സൈന്യത്തിനെ ഉപകരണമില്ലാതെ കൊണ്ടുവന്ന് കോമാളിയാക്കി. ഇനി നാവിക സേന വന്നിട്ട് എന്ത് ചെയ്യാനാണ്. ? . ഇവിടെ നിന്നുപോയ ആരെയും കടത്തിവിടുന്നില്ല. കള്ളന്‍മാരെപ്പോലെയാണ് കാണുന്നത്. വാഹനം മണ്ണിനടിയില്‍ ഇല്ലെന്ന് പറയുന്നത് ചിലര്‍ക്ക് അഭിമാനപ്രശ്നം പോലെയെന്നും അമ്മ മാധ്യമങ്ങളോടു പറഞ്ഞു. 

 

സൈന്യം മടങ്ങുന്നു

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്‍ എവിടെയെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ സൈന്യം മടങ്ങുന്നു. മൂന്നുനാളായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സംഘമാണ് ഇന്ന് രാത്രി മടങ്ങുന്നത്.  അര്‍ജുനെ കണ്ടെത്താനുളള കരയിലെ തിരച്ചില്‍ പൂര്‍ത്തിയാക്കിയെന്നാണ് വാദം. സൈന്യത്തിന്റെ മടക്കം മനോരമ ന്യൂസിനോട് സ്ഥിരീകരിച്ചത് കാര്‍വാര്‍ എം.എല്‍.എ സതീഷ് സെയിലാണ്. സിഗ്നല്‍ ലഭിച്ച മൂന്നിടത്തും പരിശോധിച്ചതോടെയാണ് കരയില്‍ ലോറിയില്ലെന്ന് സൈന്യം സ്ഥിരീകരിച്ചത്

അര്‍ജുന്‍ എവിടെ ? 

ഏഴാം നാള്‍ ഇരുട്ടുവീഴുമ്പോഴും അര്‍ജുന്‍ എവിടെയന്ന ചോദ്യം ഉത്തരമില്ലാതെ ശേഷിക്കുകയാണ്. കരയില്‍ അര്‍ജുന്റ ലോറിയില്ലെന്ന് സൈന്യം ഒൗദ്യോഗികമായി വ്യക്തമാക്കുമ്പോള്‍ ഇതുവരെ നടത്തിയ പ്രയ്തനങ്ങളെല്ലാം വിഫലമായതിന്റെ വേദന. 

 

ആറു രാത്രി പിന്നിട്ട് ഏഴാം നാള്‍. തൊണ്ണൂറു ശതമാനം മണ്ണും നീക്കികഴിഞ്ഞെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയതോടെ തിരിച്ചില്‍ രാവിലെ  പുഴയിലേക്ക്. ഇതിനിടയില്‍  കരയില്‍ പ്രതീക്ഷയുടെ സിഗ്നല്‍ തെളിഞ്ഞു. ‌റഡാര്‍ പരിശോധനയില്‍ രണ്ടിടത്ത്  ഇരുമ്പിന്റ സാന്നിധ്യം. ഇവിടുത്ത പാറക്കല്ലുകളില്‍ ഇരുമ്പിന്റ അംശം ഏറെയുണ്ടെന്ന് വിദഗ്ധര്‍ പറഞ്ഞപ്പോഴും സൈന്യവും കേരളത്തില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകരും നിരാശരായില്ല. കനത്തമഴയിലും മനുഷ്യരും യന്ത്രങ്ങളും മണിക്കൂറുകളോളം പണിപ്പെട്ടിട്ടും ഫലം നിരാശ.ഒടുവില്‍ കരയില്‍ അര്‍ജുന്റ ലോറിയില്ലെന്ന സൈന്യത്തിന്റ ഒൗദ്യോഗിക സ്ഥിരീകരണം 

പുഴക്കരയിലേക്കായി പിന്നെ പരിശോധന. ഒരിടത്ത് കണ്ട സിഗ്നലിലാണ്  ഇനി എല്ലാം കണ്ണുകളും. അപകടത്തിന് മുമ്പത്തെ ഉപഗ്രഹചിത്രങ്ങള്‍ െഎ.എസ് ആര്‍ ഒയുടെ സഹായത്തോടെ ലഭ്യമാക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു. ഇതിനിടയില്‍ മണ്ണിടിച്ചിലില്‍ ഒഴുകിപ്പോയ എല്‍ പി ജി ബുള്ളറ്റ് ടാങ്കര്‍ ഏഴ് കിലോമീറ്റര്‍ അകലെ നിന്ന് കണ്ടെത്തി. ഒടുവില്‍ സിഗ്നല്‍ കണ്ട ഭാഗത്തും ലോറിയില്ലെങ്കില്‍ തിരച്ചില്‍ പുഴയിലേക്ക് തന്നെ നീളും. ഗംഗാവലിപ്പുഴയിലെ അടിഞ്ഞ് കൂടിയ മണ്‍കൂനയ്ക്കുള്ളില്‍ ലോറിയുണ്ടോയെന്ന് സ്ഥിരീകരിക്കുയാണ് ആദ്യ കടമ്പ. 

മലയോട് ചേര്‍ത്ത് നിര്‍ത്തിയിട്ടിരുന്ന 25 ടണ്ണിലേറെ ഭാരമുള്ള അര്‍ജുന്റ ലോറി റോഡിന് മറുവശത്തെ പുഴയില്‍ പതിക്കുമോ.അങ്ങനെ പതിച്ചെങ്കില്‍ ചിതറിത്തെറിച്ച ഒരു തടിക്കഷണമെങ്കിലും കണ്ടേത്തേണ്ടതല്ലേ. ഉത്തരമില്ലാതെ നിരാശയുടെ ഒരു പകല്‍ കൂടി ഒടുങ്ങുമ്പോള്‍ 480 കിലോമീറ്റര്‍ ഇപ്പുറത്ത് കണ്ണാടിക്കലിലെ വീട്ടില്‍ അര്‍ജുന്‍ ജീവനോടെ വരുമെന്ന് പ്രതീക്ഷിച്ചിരിക്കുയാണ് കുടുംബം. 

ENGLISH SUMMARY:

Arjun mother reaction to media