കോഴിക്കോട് നാദാപുരത്തെ മലയോര മേഖലയിലെ ചുഴലിക്കാറ്റിലിൽ വൻ നാശനഷ്ടം. 17 വീടുകൾക്കും നിരവധി വാഹനങ്ങൾക്കും നാശഷ്ടം സംഭവിച്ചിട്ടുണ്ട്. റോഡുകളിൽ മരം വീണ് മേഖലയിൽ ഗതാഗതം നിലച്ചു.
രാവിലെ ഏഴുമണിയോടെയാണ് വാണിമേൽ, ചെക്യാട് , വളയം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കാറ്റ് നാശം വിതച്ചത്. നേരിയ മഴയ്ക്കിടെയാണ് അഞ്ച് മിനിറ്റ് നേരം ശക്തമായ കാറ്റു വീശി. കാറ്റിന്റെ ശക്തിയിൽ കുറുവന്തേരിയിൽ നിർത്തിയിട്ട കാർ പോലും മുന്നോട്ടു നീങ്ങി.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. നിരവധി വൈദ്യുതി തൂണുകൾ പൊട്ടിവീണു. നിരവധി വീടുകളുടെ മേൽക്കൂരകൾ പറന്നു പോയി. വ്യാപകമായ കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആളപായമില്ലെന്നും, ദുരന്ത നിവാരണ സേന സർവ്വസജ്ജമെന്നും അധികൃതർ വ്യക്തമാക്കി.