നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന പതിനാലുകാരന്‍ മരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് കേന്ദ്രസംഘത്തെ വിന്യസിക്കും. രോഗ ബാധ, സമ്പര്‍ക്കം കണ്ടെത്തല്‍, സാങ്കേതിക കാര്യങ്ങള്‍ എന്നിവയില്‍ കേന്ദ്രസംഘം സംസ്ഥാനത്തിനു പിന്തുണ നല്‍കും. അടിയന്തര പൊതുജനാരോഗ്യ നടപടികളെടുക്കാനും കേന്ദ്രം നിര്‍ദേശം നല്‍കി.
അതേസമയം, നിപ രോഗ ലക്ഷങ്ങളുളള രണ്ട് പേര്‍ അടക്കം 4 പേരുടെ സ്രവ സാംപിളുകള്‍ പരിശോധനക്കയച്ചു. മരിച്ച 14കാരനുമായി സമ്പര്‍ക്കമില്ലാത്ത 68 കാരനെ നിപ ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മലപ്പുറം പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ നിയന്ത്രണം കര്‍ശനമാക്കി.
മരിച്ച 14കാരനുമായി സമ്പര്‍ക്കമുളള മൂന്നു പേരുടേയും സമ്പര്‍ക്കമില്ലാത്ത ഒരാളുടേയും സ്രവമാണ് പരിശോധനക്ക് അയച്ചത്. കുട്ടിയുമായി ഒരു തരത്തിലും സമ്പര്‍ക്കമില്ലാത്ത 68കാരനിലാണ് രോഗ ലക്ഷണം പ്രകടമായത്. കുട്ടിയുമായി സമ്പര്‍ക്കമുളള സുഹൃത്തിനും വൈറല്‍പനി ബാധിച്ചിട്ടുണ്ട്.
246 പേരുളള സമ്പര്‍ക്ക പട്ടികയിലെ 63 പേര്‍ ഹൈ റിസ്ക്ക് വിഭാഗത്തിലാണ്. ആവശ്യമുളള മരുന്ന് പുനെയില്‍ നിന്ന് എത്തിക്കുന്നുണ്ട്. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത കുടുംബങ്ങള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ ശ്രമം തുടങ്ങി. വിവാഹങ്ങളില്‍ 50 പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്ന് പാണ്ടിക്കാട് പഞ്ചായത്ത് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 14കാരന്‍ യാത്ര ചെയ്ത സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് സമ്പര്‍ക്ക പട്ടിക വിപുലപ്പെടുത്താനാണ് തീരുമാനം.