നിപ കേസുകള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും പ്രതിരോധത്തില്‍ പാളി സംസ്ഥാനം. അഞ്ചാം തവണ നിപ സ്ഥിരീകരിക്കുമ്പോഴും മൂലകാരണം കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍ നിപ സ്ഥിരീകരിച്ച 14 കാരനെ വിവിധ ആശുപത്രികളിലായി 10 ദിവസം ചികില്‍സിച്ചിട്ടും രോഗം തിരിച്ചറിയാതിരുന്നത് താഴേത്തട്ടിലുളള പ്രതിരോധ സംവിധാനങ്ങളുടെ ദുര്‍ബലത കൂടി വെളിപ്പെടുത്തുന്നു.
കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിപ കേസുകള്‍ പഴം തീനി വവ്വാലുകളില്‍ നിന്നാണ് പകര്‍ന്നതെന്നാണ് അനുമാനം.
2018ൽ നിപ ബാധിച്ച 4 പേരിൽ നിന്നും സൂപ്പിക്കടയിൽ നിന്നു പിടികൂടിയ 3 വവ്വാലുകളിൽ നിന്നും ശേഖരിച്ച സാംപിളുകളിലെ സാമ്യമാണ് നിഗമനത്തിന് ആധാരം. 2021ല്‍ ചാത്തമംഗലത്തു നിപ ബാധിച്ചു കുട്ടി മരിച്ച സംഭവത്തിൽ വൈറസ് എത്തിയത് വവ്വാലുകളിൽ നിന്നു തന്നെയാണെന്നും നിഗമനത്തിലെത്തിയിരുന്നു. ഈ അനുമാനങ്ങളല്ലാതെ പ്രകൃതിയില്‍ നിന്ന് എങ്ങനെ മനുഷ്യരിലേയ്ക്ക് രോഗം പകരുന്നു എന്നതില്‍ കൃത്യമായ തെളിവുകള്‍ കണ്ടെത്താനായിട്ടില്ല.
രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മലബാർ മേഖലയിൽ വവ്വാലുകളെ നിരീക്ഷണ വിധേയമാക്കണമെന്ന സംസ്ഥാന അനിമൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറി അധികൃതരുടെ നിര്‍ദേശവും നടപ്പായില്ല. ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തണമെന്നും മാപ് ചെയ്യണമെന്നുമുളള വിദഗ്ധ നിര്‍ദേശങ്ങളും അവഗണിക്കപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനമുള്‍പ്പെടെയുളള കാരണങ്ങളും പരിശോധിക്കപ്പെട്ടിട്ടില്ല. കാരണം കണ്ടെത്താന്‍ ആഴത്തിലുളള പഠനങ്ങളും താഴേത്തട്ടു മുതല്‍ കൃത്യമായ നിരീക്ഷണവുമാണ് അഞ്ചാം നിപ ഔട്ട്ബ്രേക്ക് ആവശ്യപ്പെടുന്നത്.