പത്തനംതിട്ട അടൂരില്‍ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ കാപ്പാ കേസില്‍ നാടു കടത്തി. തുവയൂര്‍ മേഖലാ സെക്രട്ടറി അഭിജിത്ത് ബാലന് കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ പ്രവേശിക്കുന്നതിനാണ് വിലക്ക്. മറ്റൊരു കാപ്പാകേസ് പ്രതിയെ സിപിഎം സ്വീകരിച്ചത് വിവാദമായതിന് പിന്നാലെയാണ് പൊലീസ് പൂഴ്ത്തി വച്ച വിവരം പുറത്തുവന്നത്.
അടൂര്‍ , കൂടല്‍ പൊലീസ് സ്റ്റേഷനുകളില്‍ ഒട്ടേറെ കേസുകളില്‍ പ്രതിയായ അഭിജിത് ബാലന്‍ സ്ഥിരം റൗഡിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഇരുപത്തിയേഴിനാണ് അഭിജിത്ത് ബാലനെ കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് ഡിഐജി നിശാന്തിനി ഉത്തരവിറക്കിയത്. മാരകായുധം കൊണ്ടുള്ള ആക്രമണം, നരഹത്യാശ്രമം, പൊലീസിനെ ഭീഷണിപ്പെടുത്തല്‍ തുടങ്ങി ഒട്ടേറെക്കേസുകളുണ്ട്. ഇതില്‍ മിക്കതും രാഷ്ട്രീയ ബന്ധമില്ലാത്ത കേസുകളാണ്. കോടതിക്ക് നല്ല നടപ്പ് ബോണ്ട് നല്‍കിയ ശേഷവും അഭിജിത്ത് കേസുകളില്‍ പ്രതിയായി. ബന്ധുക്കളുടെ മരണാനന്തര ചടങ്ങുകള്‍ക്കോ മറ്റോ ജില്ലയില്‍ പ്രവേശിക്കണമെങ്കില്‍ ജില്ലാ പൊലീസ് മേധാവിയുടെ അനുമതി വാങ്ങണമെന്നാണ് നിര്‍ദേശം. സാധാരണ കാപ്പാ കേസുകളിലെ നാടുകടത്തല്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കാറുള്ള പൊലീസ് ഈ നാടുകടത്തല്‍ ഒളിച്ചു വച്ചു. ശരണ്‍ ചന്ദ്രനെന്ന കാപ്പാകേസ് പ്രതിയെ മന്ത്രി വീണാ ജോര്‍ജ് അടക്കം സിപിഎമ്മിലേക്ക് സ്വീകരിച്ചത് വിവാദമായതിന് പിന്നാലെയാണ് അഭിജിത്തിന്‍റെ നാടുകടത്തല്‍ വാര്‍ത്ത പുറത്തു വന്നത്. അടൂര്‍ അതിര്‍ത്തിയില്‍ ആലപ്പുഴ ജില്ലയിലെ ആദിക്കാട്ടുകുളങ്ങരയിലാണ് കാപ്പാകേസ് പ്രതിയായ നേതാവിന്‍റെ ഇപ്പോഴത്തെ താമസം