കൊച്ചി കോര്‍പറേഷനില്‍ നടപ്പിലാക്കിയ പ്ലാസ്റ്റിക് നിരോധനം അട്ടിമറിച്ച് വ്യാപാര സ്ഥാപനങ്ങള്‍. കൊച്ചിയിലെ കടകളില്‍ നിന്ന് വിതരണം ചെയ്യുന്നത് നിരോധിത പ്ലാസ്റ്റിക് കിറ്റുകളെന്ന് തെളിഞ്ഞു. അന്‍പത് മൈക്രോണിനും താഴെയുള്ള, നിരോധിച്ച ക്യാരി ബാഗുകളിലാണ് പല കടകളിലും സാധനങ്ങള്‍ നല്‍കുന്നത്. കടകളില്‍ നിന്ന് മനോരമ ന്യൂസ് ശേഖരിച്ച് ലാബില്‍ നല്‍കിയ ബാഗുകളുടെ പരിശോധനയിലാണ് കണ്ടെത്തല്‍.
കൊച്ചിയിലെ നാല് ചില്ലറ വില്‍പ്പന കടകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് സാമ്പിളുകളുടെ പരിശോധന ഫലം ഞെട്ടിക്കുന്നതാണ്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍സ് എഞ്ചിനീയറിംങ് ആന്‍ഡ് ടെക്നോളജിയില്‍ പരിശോധനയ്ക്ക് അയച്ച നാല് പ്ലാസ്റ്റിക് ക്യാരി ബാഗുകളും അന്‍പത് മൈക്രോണിന് താഴെയാണ്. പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്ന കടകളില്‍ നിന്ന് ശേഖരിച്ച രണ്ട് ക്യാരി ബാഗുകളും 16, 17 മൈക്രോണ്‍ മാത്രമാണുള്ളത്. 51 മൈക്രോണ്‍ എന്ന് പുറം ചട്ടയില്‍ അച്ചടിച്ച ക്യാരിബാഗ് പരിശോധിച്ചപ്പോള്‍ അതിലും ക്രമക്കേട്, യഥാര്‍ഥ കനം 40 മൈക്രോണ്‍.
ബേക്കറിയില്‍ പാര്‍സല്‍ നല്‍കിയ ക്യാരി ബാഗ് 38 മൈക്രോണ്‍. ഇത് പുനരുപയോഗിക്കാനും കഴിയില്ല. 75 മൈക്രോണിന് താഴെയുള്ളതും ഒറ്റത്തവണ ഉപയോഗിക്കുന്നതുമായ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളാണ് കോര്‍പറേഷന്‍ നിരോധിച്ചിട്ടുള്ളത്. ചെറിയ ലാഭത്തിനായി നിരോധിത പ്ലാസ്റ്റിക് വന്‍കിട–ചെറുകിട കച്ചവടക്കാര്‍ യഥേഷ്ടം വില്‍ക്കുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.