- 1

ബാധ്യത പെരുപ്പിച്ചുകാട്ടി കൂടുതല്‍ സര്‍ചാര്‍ജ് പിരിക്കാനുള്ള  കെഎസ്ഇബി നീക്കത്തിന് വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ തിരിച്ചടി. വൈദ്യുതി വാങ്ങിയ ഇനത്തില്‍ 46.50 കോടി രൂപ അധിക ബാധ്യതയെന്ന് കെഎസ്ഇബി വാദിച്ചപ്പോള്‍ ബാധ്യത 38 കോടിരൂപ മാത്രമെന്ന് റഗുലേറ്ററി കമ്മിഷന്‍ നിരീക്ഷിച്ചു. തുടര്‍ന്ന് പുതിയ കണക്ക് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടു.

 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ വൈദ്യുതി വാങ്ങിയ ഇനത്തില്‍ 46.50 കോടി രൂപ അധിക ബാധ്യതയെന്നാണ് കെ.എസ്.ഇ.ബി വൈദ്യുതി റഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ച കണക്കില്‍ പറയുന്നത്. അതേകാലയളവില്‍ സര്‍ചാര്‍ജ് പിരിച്ചിട്ടും ബാധ്യത കുറഞ്ഞില്ലെന്നാണ് വാദം.  46.50 കോടി രൂപ പിരിഞ്ഞുകിട്ടാന്‍ യൂണിറ്റിന് 23 പൈസ വീതം ഉപയോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ അനുവദിക്കണമെന്നാണ് അപേക്ഷയില്‍. എന്നാല്‍ ഈ കാലയളവിലുണ്ടായ അധിക ബാധ്യത 38 കോടി മാത്രമെന്നാണ് കമ്മിഷന്റെ നിരീക്ഷണം. ഇത് നികത്താന്‍ മാസം യൂണിറ്റിന് 18 പൈസയല്ലേ ആശ്യമുള്ളൂവെന്ന് കമ്മിഷന്‍ ചോദിച്ചു. 

പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയത് വഴിയുണ്ടാകുന്ന അധിക ചെലവാണ് ഓരോ മാസവും ഇന്ധന സര്‍ചാര്‍ജായി കെഎസ്ഇബി ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്നത്. യൂണിറ്റിന് 10 പൈസ വരെ വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ലാതെ കെഎസ്ഇബിക്ക് ഈടാക്കാം.നിലവില്‍ ഇപ്രകാരം  പത്ത് പൈസയും റഗുലേറ്ററി കമ്മിഷന്‍ അനുമതിയോടെ ഒന്‍പതുപൈസയും ചേര്‍ത്ത് 19 പൈസ സര്‍ചാര്‍ജായി ഈടാക്കുന്നുണ്ട്. 

എന്നാല്‍ പത്തുപൈസയ്ക്ക് മുകളില്‍ പിരിക്കണമെങ്കില്‍  കമ്മിഷന്റെ അനുമതി വേണം. ഈ പശ്ചാത്തലത്തിലാണ്  ഇന്ധന സര്‍ചാര്‍ജ് പിരിക്കാനുള്ള കെ.എസ്.ഇ.ബിയുടെ അപേക്ഷ. തെറ്റ് ബോധ്യമായ ഉദ്യോഗസ്ഥരോട് വീണ്ടും കണക്ക് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടു. കണക്ക് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ രണ്ടാഴ്ച കഴിഞ്ഞ് കമ്മിഷന്‍ ഇത് പരിഗണിക്കും. കെഎസ്ഇബി ആവശ്യപ്പെടുന്നത്ര സര്‍ചാര്‍ജ് പിരിക്കാന്‍ അനുമതി നല്‍കില്ലെന്നാണ് സൂചന.

ENGLISH SUMMARY:

Move to collect additional surcharge; A setback for KSEB