സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാണ് അതിശക്തമായ മഴ തുടരുന്നത്. കാലാവസ്ഥാ വകുപ്പ് എല്ലാജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. രണ്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. വയനാടും കണ്ണൂരും തീവ്രമഴക്ക് സാധ്യതയുള്ളതിനാലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. എട്ടു ജില്ലകളിലാണ്  ഒാറഞ്ച് അലര്‍ട്ട് ഉള്ളത്. 

 കോട്ടയം എറണാകുളം, ഇടുക്കി തൃശൂര്‍,  പാലക്കാട് , മലപ്പുറം കോഴിക്കോട് കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനെ തുടര്‍ന്നാണ് ഒാറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. ഞായറാഴ്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

ഇന്നും മഴയില്‍ കനത്ത നാശനഷ്ടമാണ്. കണ്ണൂരിൽ കനത്ത മഴയിൽ കാർ ഒഴുക്കിൽപ്പെട്ടു.  മട്ടന്നൂരിന് സമീപം കൊട്ടാരം - പെരിയത്തിൽ റോഡിലാണ് ആഡംബര കാർ വെള്ളത്തിൽ മുങ്ങിയത്.  യാത്രക്കാരെ രക്ഷപ്പെടുത്തി. 

മട്ടന്നൂർ - മണ്ണൂർ പാതയിലെ നായിക്കാലിയിൽ റോഡ് ഇടിഞ്ഞു പുഴയിലേക്ക് വീണു. ഇതുവഴിയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. കനത്ത മൂടൽമഞ്ഞ് കാരണം കുവൈത്തിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കണ്ണൂരിൽ ഇറക്കാൻ ആവാതെ കൊച്ചിയിലേക്ക് വഴി തിരിച്ചുവിട്ടു.

മഴക്കെടുതിയില്‍ ഇന്ന് ഒരാള്‍ മരിച്ചു. മഞ്ചേരിയിലെ ക്വാറിയില്‍ കാണാതായ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഒഡീഷക്കാരന്‍ ദിസ്ക് മണ്ഡികയാണ് മരിച്ചത്.  

കോഴിക്കോട് കല്ലാച്ചിയില്‍  കനത്തമഴയില്‍ വീട് തകര്‍ന്നു. കക്കുഴി പറമ്പത്ത് നാണുവിന്‍റെ വീടാണ് തകര്‍ന്നത്. ആളപായമില്ല. 

പാലക്കാട് മംഗലംഡാമില്‍ വ്യാപാരഭവന്‍റെ മുകളില്‍ മരംവീണ് കെട്ടിടം തകര്‍ന്നു. പ്രദേശത്തെ വൈദ്യുതി ബന്ധം തടസപ്പെട്ടു. ഓഫിസ് തുറക്കുന്നതിന് മുന്‍പായതിനാല്‍ അത്യാഹിതം ഒഴിവായി.

തൃശൂര്‍ ചെമ്പുക്കാവില്‍ റോഡിലെ വൈദ്യുതി പോസ്റ്റിലേക്ക് തെങ്ങ് വീണു. റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാലാണ് അപകടം ഒഴിവായത്.   

ENGLISH SUMMARY:

IMD issues Red Alert in districts of Kannur and Wayanad