മഴ അവധിക്കായി കാത്തിരിക്കുന്നവര്‍ക്ക് മുന്നിലേക്ക് അവധി നല്‍കാതിരിക്കാനുള്ള കാരണം വിശദമാക്കുകയാണ് കാസര്‍കോട് കലക്ടര്‍. മഴ അവധിയെക്കുറിച്ച് ചോദിച്ച് പലരും വിളിക്കുന്നുണ്ടെന്നും എന്നാല്‍ ഇടയ്ക്കിടെ അവധികൾ പ്രഖ്യാപിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ബാധിക്കുമെന്നും അവരുടെ ക്ലാസുകൾക്ക് പുറമെ ഉച്ചഭക്ഷണവും പോഷകാഹാരവും നഷ്ടപ്പെടുമെന്നുമാണ് കലക്ടര്‍ ഇൻബശേഖർ.കെ. ഐഎഎസ് പറയുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ നാല് ദിവസമായി സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ധാരാളം കോളുകൾ ലഭിക്കുന്നുണ്ടെന്നും എന്നാൽ അത്തരത്തിലുള്ള അപകടകരമായ സാഹചര്യമല്ലെന്നും പ്രാദേശിക പ്രശ്‌നങ്ങൾ എവിടെയുണ്ടെങ്കിലും നടപടിയെടുക്കാമെന്നും കലക്ടര്‍ ഉറപ്പുനല്‍കുന്നുണ്ട്.
എന്നാല്‍ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്‍റുമായി എത്തുന്നത്. ഉച്ചക്കഞ്ഞിയെ ആശ്രയിച്ച് ഇപ്പോഴും കുട്ടികള്‍ സ്കൂളിലേക്ക് വരുന്നുണ്ടെങ്കില്‍ താങ്കള്‍ അടങ്ങുന്ന ഭരണ സംവിധാനത്തിന്‍റെ പോരായ്മയാണ് അതെന്നാണ് പലരുടെയും വാദം. കുട്ടികളുടെ സുരക്ഷക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന അഭിപ്രായമുള്ളവരുമുണ്ട്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
അക്കാദമിക് കലണ്ടർ പ്രകാരം എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസങ്ങളാണ്. പ്രഖ്യാപിച്ച അവധികൾ നഷ്ടപരിഹാരം നൽകാനുള്ള സാധ്യതയില്ല. കഴിഞ്ഞ നാല് ദിവസമായി സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ഇടയ്ക്കിടെ അവധികൾ പ്രഖ്യാപിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ബാധിക്കും, കാരണം അവരുടെ ക്ലാസുകൾക്ക് പുറമെ ഉച്ചഭക്ഷണവും പോഷകാഹാരവും നഷ്ടപ്പെടും. ധാരാളം കോളുകൾ ലഭിക്കുന്നു. എന്നാൽ അത്തരത്തിലുള്ള അപകടകരമായ സാഹചര്യമല്ല. പ്രാദേശിക പ്രശ്‌നങ്ങൾ എവിടെയുണ്ടെങ്കിലും നമുക്ക് നടപടിയെടുക്കാം.