നടൻ ആസിഫ് അലിയെ സംഗീത സംവിധായകൻ രമേശ് നാരായണൻ പരസ്യമായി അപമാനിച്ച വിവാദത്തില്‍ പ്രതികരണവുമായി ഫെഫ്ക. രമേശ് നാരായണോട് വിശദീകരണം തേടിയിരുന്നുവെന്ന് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
വിവേകത്തോടെയും പക്വതയോടെയും അദ്ദേഹം പെരുമാറണമായിരുന്നു. ആസിഫ് അലിയെ വിളിച്ച് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ആസിഫ് കാണിച്ചത് പ്രായത്തില്‍ കവിഞ്ഞ പക്വതയും ഉദാരതയുമാണ്. ആസിഫിനെ ചേര്‍ത്ത് നിര്‍ത്തുന്നുവെന്നും ബി.ഉണ്ണികൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ആസിഫ് അലിയുടെ കയ്യിൽ നിന്ന് താൻ സന്തോഷമായിട്ടാണ് പുരസ്‌കാരം വാങ്ങിയതെന്നും അതു ജയരാജ് കൂടി തനിക്ക് തരണമെന്ന ആഗ്രഹത്തിലാണ് അദ്ദേഹത്തിൽ നിന്നുകൂടി സ്വീകരിച്ചതെന്നും രമേശ് നാരായണൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രചരിക്കുന്ന വിഡിയോ കണ്ടിട്ട് ആളുകൾ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും ആരോടും വിവേചനപരമായി പെരുമാറുന്ന ആളല്ല താനെന്നും രമേശ് നാരായണൻ പറഞ്ഞു.
എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതിയ സിനിമയുടെ ട്രെയിലര്‍ റിലീസ് വേദിയിലായിരുന്നു വിവാദസംഭവം നടന്നത്. പരിപാടിയുടെ ദൃശ്യങ്ങള്‍ പങ്കുവച്ച് സമൂഹമാധ്യമങ്ങളില്‍ രമേഷ് നാരായണിനെതിരെ എംപിമാരും എംഎല്‍എമാരുമടക്കം രൂക്ഷ വിമര്‍ശനമുയര്‍ത്തി. വിവാദം തെറ്റിദ്ധാരണ മൂലമാണെന്നും മാപ്പുചോദിക്കുന്നെന്നും രമേശ് നാരായണ്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. രമേഷ് നാരായണിനും സംവിധായകന്‍ ജയരാജിനുമെതിരെ രൂക്ഷവിമര്‍ശനവുനമായി ഷോ ഡയറക്ടര്‍ ജോസ് തോമസ് രംഗത്തെത്തി.
എം.ടിയുടെ തിരക്കഥകള്‍ വച്ച് എടുത്ത ഒമ്പത് സിനിമകള്‍ അടങ്ങുന്ന ആന്തോളജിയുടെ ട്രെയിലര്‍ ലോഞ്ചിങ്ങാണ് ചടങ്ങ്. എം.ടി. വാസുദേവന്‍ നായര്‍, മമ്മൂട്ടി തുടങ്ങി പ്രമുഖര്‍ പങ്കെടുത്ത പരിപാടി. ആന്തോളജിയിലെ ജയരാജ് സംവിധാനം ചെയ്ത സിനിമക്ക് സംഗീതം ചെയ്ത രമേഷ് നാരായണനെ ആദരിക്കാന്‍ ആസിഫലിയെ വിളിച്ചു. മൊമന്‍റോ സ്വീകരിച്ച രമേഷ് നാരായണ്‍ ആസിഫ് അലിയെ ഗൗനിക്കുന്നില്ല. വേദിയിലിരുന്ന ജയരാജനെ വിളിച്ചുവരുത്തി അദ്ദേഹത്തില്‍ നിന്ന് വീണ്ടും പുരസ്കാരം സ്വീകരിക്കുന്നതാണ് ദൃശ്യത്തില്‍. അദ്ദേഹത്തിന്‍റെ മുഖത്ത് അസ്വസ്ഥതയും പ്രകടം. സമൂഹമാധ്യമങ്ങളില്‍രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ വിശദീകരണവുമായി രമേഷ് നാരായണ്‍ രംഗത്തെത്തി. ആന്തോളജിയിലെ മറ്റ് ചിത്രങ്ങളിലെ സംഗീത സംവിധായകരെ വേദിയിലേക്ക് ക്ഷണിച്ച് ആദരിച്ചു. എന്നാല്‍ തന്നെ വിളിച്ചില്ല. പോകുകയാണെന്ന് എം.ടിയുടെ മകള്‍ അശ്വതിയെ അറിയിച്ചപ്പോഴാണ് വേദിയിലേക്ക് വിളിച്ചത്.
ആസിഫ് അലിയെ തനിക്ക് ഇഷ്ടമാണ്. സമൂഹമാധ്യമങ്ങളിലുയര്‍ന്ന വിമര്‍ശനത്തിലെ വിഷമം അദ്ദേഹം മറച്ചുവച്ചില്ല.
ആസിഫലിയെ ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല, ജയരാജുമായി സംസാരിച്ചെന്നും രമേഷ് നാരായണ്‍. താന്‍ സംവിധാനം ചെയ്ത ഷോയെ വിവാദത്തിലാക്കിയ രമേഷ് നാരായണിനും ജയരാജിനുമെതിരെ തുറന്നടിച്ച് സംവിധായകന്‍ ജോസ് തോമസ് രംഗത്തെത്തി. രമേഷ് നാരായണിന്‍റെ പേരുവിട്ടുപോയപ്പോള്‍ ക്ഷമചോദിച്ചതാണ്. എന്നിട്ടും മൊമന്‍റോ സ്വീകരിക്കാത്തത് തെറ്റാണ്. തന്‍റെ സിനിമക്ക് സംഗീതസംവിധായകനുള്ള കാര്യം ജയരാജും പറയണമായിരുന്നു.
വിവാദ സീനിലെ മറ്റുള്ളവരായ ആസിഫ് അലിയും ജയരാജും പ്രതികരിച്ചിട്ടില്ല.