മാലിന്യത്തോട്ടിലും അഗാധ ഗര്‍ത്തങ്ങളിലും ഇറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തുന്ന അഗ്നിശമന സേനയിലെ സ്കൂബാസംഘത്തിന് കിട്ടുന്നത് വെറും അഞ്ഞൂറ് രൂപയുടെ അലവന്‍സ്. എത്രയൊക്കെ സാഹസികദൗത്യം പൂര്‍ത്തിയാക്കിലും ശമ്പളത്തിന് പുറമെ പ്രതിമാസം 500 രൂപയാണ് ഇവര്‍ക്ക് അധികമായി നല്‍കുന്നത്. ജീവന്‍ പണയംവെച്ചുള്ള ജോലിയായിട്ടും ഇന്‍ഷൂറന്‍സ് സുരക്ഷപോലും ഒരുക്കിയിട്ടില്ല.
ഈ കാഴ്ച കണ്ട കേരളം ഒന്നടങ്കം ഇവരെ നമിച്ചു. ജോയിയുടെ ജീവന്‍ തേടി ചീഞ്ഞ് നാറുന്ന, ഇരുട്ട് നിറഞ്ഞ കുപ്പത്തൊട്ടിയില്‍ രണ്ട് ദിവസം തുടര്‍ച്ചയായി ഇവര്‍ മുങ്ങിപ്പൊങ്ങി. ഇത്രയൊക്കെ കഷ്ടപ്പെടുന്ന ഇവര്‍ക്ക് നമ്മുടെ കയ്യടിയൊക്കെ കഴിഞ്ഞാല്‍ മിച്ചം എന്താണെന്ന് കൂടി കേള്‍ക്കണം. വെറും 500 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക സമ്മാനം.
ഫയര്‍ഫോഴ്സിലെ ജീവനക്കാരില്‍ താല്‍പര്യമുള്ളവര്‍ പ്രത്യേക പരിശീലനവും പൂര്‍ത്തിയാക്കി രൂപീകരിക്കുന്നതാണ് സ്കൂബാ സംഘം. പക്ഷെ സാധാരണ അഗ്നിശമനസേനാംഗങ്ങള്‍ക്കുള്ള ശമ്പളം തന്നെയാണ് ഇവര്‍ക്ക്. എത്രയൊക്കെ പ്രത്യേകദൗത്യത്തില്‍ പങ്കെടുത്താലും അധികമായി 500 രൂപയെ മാസം നല്‍കു. 5000 രൂപയെന്ന ശുപാര്‍ശയാണ് സര്‍ക്കാര്‍ വെട്ടി 500 ആക്കിയത്.ജോലിക്കിടെ അപകടവും രോഗവും ഏത് നിമിഷവും പ്രതീക്ഷിക്കാം. പക്ഷെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള മെഡിസെപ് അല്ലാതെ മറ്റൊരു ആരോഗ്യ ഇന്‍ഷൂറന്‍സും ഇവര്‍ക്കില്ല.