42 മണിക്കൂര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ലിഫ്റ്റില്‍ അകപ്പെട്ടപ്പോള്‍ താന്‍ മരണത്തെ മുന്നില്‍ കണ്ടുവെന്ന തിരുവല്ല സ്വദേശി രവീന്ദ്രന്‍ നായര്‍. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ആര്‍ജ്ജിച്ച മനോധൈര്യം കൊണ്ടുമാത്രമാണ് പിടിച്ചുനിന്നത്. ലിഫ്റ്റിനകത്ത് തന്നെ മലമൂത്ര വിസര്‍ജ്ജനം നടത്തേണ്ടി വന്നു. തുടര്‍ച്ചയായി അപായമണി മുഴക്കിയിട്ടും രക്ഷിക്കാനാരുമെത്തിയല്ലെന്നും രവീന്ദ്രന്‍ നായര്‍ മനോരമന്യൂസിനോട് പറഞ്ഞു.
ഒരു ലിഫ്റ്റിനകത്ത് ഇരുട്ടില്‍ ഒറ്റയ്ക്ക് 42 മണിക്കൂര്‍. പുറം ലോകവുമായി ബന്ധപ്പെടാന്‍ ഒരു മാര്‍ഗവുമില്ല. അപായമണി കേട്ട് , തന്‍റെ നിലവിളി കേട്ട് ഓടിയെത്താന്‍ ആരുമില്ലാതെ, ധരിച്ച വസ്ത്രത്തില്‍ തന്നെ മലമൂത്ര വിസര്‍ജ്ജനം നടത്തേണ്ടിവന്ന രവീന്ദ്രന്‍ നായര്‍ക്ക് നിസ്സായഹതയുടെ പരകോടിയില്‍ പൊട്ടികരയുകയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു.
ലിഫ്റ്റ് നിശ്ചലമായതിനൊപ്പം രവീന്ദ്രന്‍ നായര്‍ക്ക് സമയവും നിശ്ചലമായി. തന്‍റെ ദുരനുഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വ്യക്തിപരമായി നിയമ നടപടി സ്വീകരിക്കുന്നതില്‍ പാര്‍ട്ടിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്നും സി.പി.ഐ പ്രാദേശക നേതാവ് കൂടിയായ രവീന്ദ്രന്‍ നായര്‍ പറഞ്ഞു.