മാലിന്യക്കാനയായി മാറിയ തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനേക്കുറിച്ച് ആലോചിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മറ്റന്നാള്‍ യോഗം ചേരും. റെയില്‍വേയുടെ അനാസ്ഥയാണ് പ്രശ്നത്തിന് കാരണമെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയും യോഗം വിളിച്ചത്. ഉത്തരവാദിത്തം സര്‍ക്കാരിനെന്ന് വിശദീകരിച്ച് റെയില്‍വേ വാര്‍ത്താകുറിപ്പിറക്കി. സത്യം പറയുമ്പോള്‍ മന്ത്രി എം.ബി.രാജേഷ് മുഖ്യമന്ത്രിക്ക് പഠിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് പരിഹസിച്ചു.ജോയിക്കുള്ള ധനസഹായം നാളെ മന്ത്രിസഭായോഗം തീരുമാനിക്കും.
മാലിന്യത്തില്‍ മുങ്ങി ജോയി ഇല്ലാതായിട്ടും മാലിന്യത്തിന്റെ ഉത്തരവാദിത്തതര്‍ക്കം ഇല്ലാതാകുന്നില്ല. 12 കിലോമീറ്ററോളം നീളമുള്ള ആമയിഴഞ്ചാന്‍തോട്ടിലെ മാലിന്യപ്രശ്നത്തിന്റെ ഏക കാരണം റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള വെറും 117 മീറ്ററാണന്ന് വരുത്താന്‍ മല്‍സരിക്കുകയാണ് സര്‍ക്കാര്‍. പ്രശ്നം പരിഹാരത്തിനായി മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ചേര്‍ത്ത് മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന യോഗത്തിന്റെ പ്രധാന അജണ്ടയും റയില്‍വേ ഭൂമിയിലെ മാലിന്യനീക്കമാണ്. റയില്‍വേ ഉന്നതരും പങ്കെടുക്കും.റയില്‍വേ മാത്രമല്ല സര്‍ക്കാരും ഉത്തരവാദികളെന്ന് വിമര്‍ശിച്ച പ്രതിപക്ഷനേതാവിന് രാഷ്ട്രീയലക്ഷ്യമെന്നായിരുന്നു ഇന്നലെ മന്ത്രിയുടെ മറുപടി.
മാലിന്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാത്ത റയില്‍വേ മേയര്‍ ആരോപിക്കുംപോലെ റയില്‍വേ അവശിഷ്ടം ആമയിഴഞ്ചാന്‍തോട്ടിലേക്ക് തള്ളുന്നില്ലെന്ന് വിശദീകരിച്ച് വാര്‍ത്താകുറിപ്പും ഇറക്കി. അതിനാല്‍ യോഗത്തില്‍ റയില്‍വേ സ്വീകരിക്കുന്ന നിലപാടും റയില്‍വേ ഭൂമിക്ക് പുറത്തെ മാലിന്യനീക്കത്തിന് സര്‍ക്കാറെടുക്കുന്ന തീരുമാനവും അനുസരിച്ചിരിക്കും ആമയിഴഞ്ചാന്‍തോടിന്റെ ഭാവി.