ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും തുടരുകയാണ്. മുന്നിലുള്ളത് വലിയ വെല്ലുവിളിയാണെന്നും ഇതുവരെ ചെയ്തതില്‍ ഏറ്റവും കഠിനമായ ദൗത്യമാണെന്നും സ്കൂബ ഡൈവിങ് സംഘം മനോരമന്യൂസിനോട് പറഞ്ഞു. എന്തുവന്നാലും ജോയിയെ കണ്ടെത്താതെ ഉദ്യമം അവസാനിപ്പിക്കില്ല. തോട്ടിലിറങ്ങിയപ്പോള്‍ മനുഷ്യ വിസര്‍ജ്യം വരെ കയ്യില്‍ തടഞ്ഞു. ടി.വിയിലൂടെ ദൃശ്യങ്ങള്‍ കണ്ട് വീട്ടുകാര്‍ക്ക് വരെ ആശങ്കയായെന്നും സംഘാംഗം വെളിപ്പെടുത്തി.
പരിശോധനയ്ക്ക് നാവികസേന സോണാർ സംവിധാനം ഉപയോഗിക്കും. എൻഡിആർഎഫ്, അഗ്നിരക്ഷ സേന വിഭാഗങ്ങളും സ്കൂബ സംഘത്തിന് പുറമെ തിരച്ചിലിനുണ്ട്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ കാണാതായത്. ജോയിയെ കണ്ടെത്താനായി സമാനതകളില്ലാത്ത രക്ഷാ ദൗത്യമാണ് അഗ്നിരക്ഷാ സേനയുടെ സ്കൂബാ സംഘം തിരുവനന്തപുരം തമ്പാനൂരിലെ ആമയിഴഞ്ചാന്‍ തോട്ടില്‍ ഏറ്റെടുത്തത്.
നഗരമധ്യത്തിലെ അഴുക്കുചാലില്‍ ജീവന്‍പോലും പണയപ്പെടുത്തിക്കൊണ്ട് രാവുംപകലും നീണ്ട പ്രവര്‍ത്തനം സേനയുടെ സമീപകാല ചരിത്രത്തില്‍ ആദ്യമായാണ്. റോബോട്ട് ക്യാമറയില്‍ ശരീരഭാഗം എന്ന് സംശയിക്കുന്ന ദൃശ്യം തെളിഞ്ഞതോടെ വിശ്രമം പോലുമില്ലാതെ വീണ്ടും കനാലിലേക്ക്. എന്നാല്‍ അത് ജോയി ആയിരുന്നില്ല.പലയിടത്തും വെള്ളംവറ്റി മാലിന്യമാണ് കനാലില്‍ അടിഞ്ഞു കൂടിക്കിടക്കുന്നത്. പാറപോലെ ഉറച്ചനിലയിലാണ് മാലിന്യമെന്ന് ദൗത്യത്തിന്‍റെ ഭാഗമായ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ജോയി തിരിച്ചുവരും എന്ന പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുന്ന അമ്മയുടെ ദൃശ്യങ്ങളും നൊമ്പരക്കാഴ്ചയാണ്.