തിരുവനന്തപുരം ആമയിഴിഞ്ചാന്‍ തോട്ടിലെ മുഴുവന്‍ മാലിന്യവും നീക്കണമെന്ന് ഹൈക്കോടതി. മാലിന്യനീക്കം എങ്ങനെയെന്ന് റെയില്‍വേയും കോര്‍പറേഷനും അറിയിക്കണം. റെയില്‍വേയുടെ മാലിന്യം നീക്കേണ്ടത് റെയില്‍വേയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കരാറുകാരന്‍ ശേഖരിക്കുന്ന മാലിന്യം കൃത്യമായി സംസ്കരിച്ചില്ലെങ്കില്‍ എങ്ങനെ അറിയുമെന്നും കോടതി ആരാഞ്ഞു. ദുരന്തത്തില്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ജോയിയുടെ മരണം നിര്‍ഭാഗ്യകരമാണെന്നും ഹൈക്കോടതി പറഞ്ഞു.
തോട്ടിലെ മാലിന്യം മാറ്റാനിറങ്ങിയ ജോയി ശനിയാഴ്ച രാവിലെ 11 മണിയോടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. 45 മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവില്‍ ജോയിയെ ജീവനോടെ കണ്ടെത്താന്‍ കഴിഞ്ഞില്ല. രാവിലെ 8 മണിയോടെ തകരപ്പറമ്പ് ഉപ്പിടാംമൂട് പാലത്തിന് സമീപത്ത് ജോയിയുടെ മൃതദേഹം പൊങ്ങുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാരായമുട്ടത്തെ വീട്ടില്‍ ജോയിയുടെ മൃതദേഹം സംസ്കരിച്ചു.