'അമ്മാ'യെന്ന നീട്ടി വിളിയോടെയാണ് ജോലിക്ക് ശേഷം ജോയി വീട്ടുപടിക്കലേക്ക് മടങ്ങിയെത്താറുള്ളത്. ആ വിളി ഇനിയൊരിക്കലും മാരായമുട്ടത്തെ ഇടിഞ്ഞുപൊളിയാറായ വീട്ടില്‍ അമ്മ മെല്‍ഹിയെ തേടിയെത്തില്ല. നടുക്കുന്ന ആ സത്യവുമായി പൊരുത്തപ്പെടാന്‍ മെല്‍ഹിക്കിനിയുമായിട്ടില്ലെന്നതാണ് വാസ്തവം. ഏത് വെള്ളത്തില്‍ നിന്നും മടങ്ങിവരുന്ന ആളാണ് ജോയിയെന്നായിരുന്നു ബന്ധുക്കളുടെയും പ്രതീക്ഷ. എന്നാല്‍ ഇനിയൊരിക്കലും അവരുടെ ജോയി മടങ്ങിവരില്ല.

ആരെന്ത് ജോലിക്ക് വിളിച്ചാലും പോകാന്‍ ഒരു മടിയുമില്ലാത്തവനാണ് തന്‍റെ മകനെന്നാണ് ജോയിയുടെ അമ്മ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. 'രാവിലെ ആറുമണിക്ക് എണീറ്റ് പണിക്കുപോവണമെന്ന് പറഞ്ഞ് പോയതാണ്, അഞ്ചുമണിയായിട്ടും തിരിച്ചെത്തിയില്ല, എല്ലാ ജോലിക്കും പോകും, ഒന്നും കിട്ടിയില്ലെങ്കില്‍ ആക്രി പെറുക്കാനെങ്കിലും പോകു'മെന്നും പറഞ്ഞപ്പോള്‍ ആ അമ്മയുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു. ആ മകന്‍ തിരിച്ചുവരും എന്ന് തന്നെയായിരുന്നു അമ്മയുടെ പ്രതീക്ഷ. ആഹാരം കഴിക്കാതെ ഒരിറ്റ് വെള്ളമിറക്കാതെ, പോള കണ്ണടയ്ക്കാതെ ഒറ്റമുറി വീട്ടില്‍ ജോയ് മടങ്ങിയെത്തുന്നതും കാത്തിരുന്നു. ആ വിളിയാണ് രാവിലെ നിലച്ചത്.

അടച്ചുറപ്പുള്ള വീടെന്ന അമ്മയുടെ ആഗ്രഹം സാധിക്കാനാണ് ജോയി ആക്രി പെറുക്കൽ മുതൽ തോട് വൃത്തിയാക്കൽ വരെയുള്ള ജോലി ചെയ്തത്. എന്തെങ്കിലും ജോലി ചെയ്ത് ഒരു ദിവസത്തേക്കുള്ള വീട്ടു ചെലവിനുള്ള പണം ജോയി അമ്മയുടെ കൈകളിൽ എത്തിക്കാറുണ്ടായിരുന്നു. ശക്തിയായി കാറ്റുവീശിയാൽ പറന്നു പോയേക്കാവുന്ന മേൽക്കൂരയും മഴ കനത്താൽ നിലംപൊത്താവുന്ന ചുമരുകളുമാണ് ജോയിയുടെ വീട്.

'ഇതിലും നല്ല ഒഴുക്കുള്ള സ്ഥലത്ത് പുള്ളി പോയിട്ടുള്ളതാണ്. അപ്പോള്‍ ഒരു പ്രശ്നവുമില്ലാതെ തിരിച്ചുവന്നിട്ടുണ്ടെ'ന്നാണ് ഒരു നാടാകെ ഉറച്ചു പറഞ്ഞിരുന്നത്. 'വലിയ ആറ്റിലൊക്കെ നീന്തുന്ന ആളാണ്'- നാട്ടുകാര്‍ പ്രതീക്ഷ കൈവിട്ടിരുന്നില്ല. എല്ലാ പ്രതീക്ഷകളെയും വിഫലമാക്കിയാണ് ജോയിയുടെ മൃതദേഹം കണ്ടെടുത്തത്. പഴവങ്ങാടി തകരപ്പറമ്പ് ഉപ്പിടാംമൂട് പാലത്തിന് സമീപത്ത് നിന്നാണ് എട്ടുമണിയോടെ ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.

ENGLISH SUMMARY:

Joy's mother and relatives mourn for his lose.