കടലാക്രമണത്തിന് പരിഹാരം ആവശ്യപ്പെട്ടുള്ള കൊച്ചി കണ്ണമാലിക്കാരുടെ സമരത്തിലേക്ക് കോൺഗ്രസും എത്തുന്നു. തീരദേശവാസികൾ നേരിടുന്ന ദുരിതത്തിന് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ സമരക്കാർക്ക് ഒപ്പം നിന്ന് പോരാടും എന്നാണ് കോൺഗ്രസിന്റെ പ്രഖ്യാപനം. പിന്തുണയുമായി പ്രതിപക്ഷ നേതാവ് നേരിട്ട് എത്തിയതിന്റെ ആവേശത്തിൽ കൂടിയാണ് കണ്ണമാലിയിലെ ജനങ്ങൾ
വീടിനകത്തേക്ക് അടിച്ചുകയറുന്ന കടൽ വെള്ളത്തിൽ നിന്നാണ് വിളിപ്പാടകലെ ടെട്രാപോഡ് കടൽ ഭിത്തി ചെല്ലാനത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്നത് കണ്ണമാലിക്കാർ കാണുന്നത്. കണ്ണമാലി തീരത്തും ടെട്രാപ്പോഡ് കടൽ ഭിത്തി നിർമിക്കുമെന്ന് മന്ത്രിമാർ നേരിട്ടെത്തി പ്രഖ്യാപിച്ചിട്ട് നാളേറെയായി. ടെട്രാപോഡ് പോയിട്ട് കനത്തിലുള്ള ഒരു കല്ല് പോലും എത്താത്ത സാഹചര്യത്തിലാണ് തീരവാസികൾ പ്രതിഷേധം ശക്തമാക്കിയത്. ഇതിനിടയിലേക്കാണ് തീരത്തേക്കുള്ള പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ വരവ്. കടലാക്രമണം രൂക്ഷമായ സ്ഥലങ്ങളിൽ നേരിട്ട് എത്തി പ്രതിപക്ഷ നേതാവ് പരാതികൾ കേട്ടു. രാഷ്ട്രീയം കലർത്താതെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്ന് വി.ഡി സതീശൻ പറഞ്ഞു. ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ സമരത്തിന് ഒപ്പം ചേരുമെന്നും അതിന് നിർബന്ധിക്കരുതെന്നും മുന്നറിയിപ്പ്.
ചെല്ലാനത്തെ ടെട്രാപോഡ് കടൽ ഭിത്തിയുടെ നേട്ടം എൽഡിഎഫ് സർക്കാർ സ്വന്തമാക്കിയപ്പോൾ പ്രതിരോധത്തിലായത് കോൺഗ്രസായിരുന്നു. അതുകൊണ്ടുതന്നെ വിഷയത്തിൽ രാഷ്ട്രീയമില്ല എന്ന് പറയുമ്പോഴും, എടവനക്കാടും, കണ്ണമാലിയിലും കൃത്യമായ രാഷ്ട്രീയ ലക്ഷ്യമാണ് കോൺഗ്രസിനുള്ളതെന്ന് വ്യക്തം.