കാസർകോട് നല്ലോംപുഴയിൽ കെഎസ്ഇബി ജീവനക്കാരനെ ആക്രമിച്ച കേസിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. നല്ലോംപുഴ മാരിപ്പുറത്ത് സന്തോഷിനെതിരെയാണ് ചിറ്റാരിക്കൽ പോലീസ് കേസെടുത്തത്. സന്തോഷിന്‍റെ വീട്ടിലെ കേടായ മീറ്റർ മാറ്റി സ്ഥാപിക്കാൻ എത്തിയ കെഎസ്.ഇ.ബി കരാർ ജീവനക്കാരനെ പ്രതി ജീപ്പിടിപ്പിച്ചു വീഴ്ത്തുകയായിരുന്നു.
കെ.എസ്.ഇ.ബി നല്ലോംപുഴ സെക്ഷനിലെ കേടായ മീറ്ററുകൾ മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് ആക്രമണം. മാരിപ്പുറത്ത് ജോസഫിന്‍റെ വീട്ടിലെത്തിയ കെ.എസ്.ഇ.ബി കരാർ ജീവനക്കാരെ വീട്ടുകാർ തടഞ്ഞു. ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം അരുൺ കുമാറും സഹപ്രവർത്തകനും മീറ്റർ മാറ്റി മടങ്ങി. ഇതിന് പിന്നാലെയാണ് ജോസഫിന്‍റെ മകൻ സന്തോഷ് ജീപ്പുമായെത്തി അരുൺ കുമാറിനെ ഇടിച്ചിട്ടത്. ബൈക്കിൽ നിന്ന് തെറിച്ചു വീണ അരുൺ കുമാറിനെ ജാക്കി ലിവറുകൊണ്ട് മർദ്ദിച്ചു. തലയ്ക്ക് പരുക്കേറ്റ ഇയാൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതിയെ പിടികൂടാൻ ചിറ്റാരിക്കൽ പൊലീസ് ഇന്നലെത്തന്നെ വീട്ടിലെത്തിയെങ്കിലും ഒളിവിൽപോയിരുന്നു. സന്തോഷിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് മേഖലയിൽ കെ.എസ്.ഇ.ബി ജീവനക്കാർ നാളെ പ്രകടനം നടത്തും.