devarkovil

വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ കപ്പൽ കൊണ്ടുവന്ന മന്ത്രിയെയും മറന്ന് സർക്കാർ. വിഴിഞ്ഞത്തെത്തിയ ആദ്യ മദർഷിപ്പിന് സ്വീകരണം നൽകുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്നത് വലിയ വിവാദമായിരിക്കുകയാണ്. എന്നാൽ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ നിർണായക പങ്കുവഹിച്ച പിണറായി സർക്കാരിലെ തന്നെ മുൻ തുറമുഖ മന്ത്രിക്ക് പോലും ക്ഷണം ലഭിച്ചില്ല. രണ്ടാം പിണറായി സർക്കാരിൻറെ ആദ്യ രണ്ടരവർഷം മന്ത്രിയായിരുന്ന അഹമ്മദ് ദേവർകോവിലിനെയാണ് സർക്കാർ മറന്നത്.

അഹമ്മദ് ദേവർകോവിലിന്റെ സമയത്താണ് ക്രൈനുമായി വിഴിഞ്ഞത്ത് ആദ്യ കപ്പൽ അടുത്തത്. കഴിഞ്ഞ ഒക്ടോബറിൽ സർക്കാർ അത് വലിയ ആഘോഷമായി നടപ്പാക്കുകയും ചെയ്തിരുന്നു. പിന്നീട് ഡിസംബറിൽ ആണ് മുന്നണിയിലെ ധാരണ പ്രകാരം അഹമ്മദ് ദേവർകോവിൽ മന്ത്രിസ്ഥാനം രാജിവെച്ചത്. 

മുൻമന്ത്രി എന്ന നിലയിലുള്ള പ്രത്യേക ക്ഷണം ലഭിക്കാത്തതിനാൽ അഹമ്മദ് ദേവർകോവിൽ ഇന്ന് നടന്ന സ്വീകരണ ചടങ്ങിൽ പങ്കെടുത്തില്ല. ഒരേ മുന്നണി ആയതിനാൽ പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കാൻ ആവാത്ത അവസ്ഥയുമാണ്. സ്വീകരണത്തിന്റെ ഉദ്ഘാടന പ്രസംഗം നടത്തിയപ്പോളും മുഖ്യമന്ത്രി അഹമ്മദ് ദേവർകോവിലിനെ ആദ്യം മറന്നു. ഇടതു സർക്കാരിൻറെ നേട്ടം എടുത്ത് പറഞ്ഞ മുഖ്യമന്ത്രി ഒന്നാം പിണറായി സർക്കാരിൻറെ കാലത്ത് തുറമുഖ മന്ത്രിയായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്റെ പേര് മാത്രമാണ് ആദ്യം പറഞ്ഞത്. പിന്നീട് പ്രസംഗത്തിന്റെ ഇടയിൽ അഹമ്മദ് ദേവർകോവിലിന്റെ പേര് ഓർമ്മ വരികയും അദ്ദേഹവും മികച്ച പ്രവർത്തനം നടത്തിയെന്ന് പ്രശംസിക്കുകയും ചെയ്തു. 

ENGLISH SUMMARY:

Vizhinjam Mothership Welcome Program; Ex Minister Ahammed Devarkovil Was Not Invited By Government