സംസ്ഥാനത്ത് കൂടുതൽ പേർക്ക് തൊഴിൽ നൽകാൻ പദ്ധതിയുണ്ടെന്ന് ആഗോള ടെക് ഭീമന്മാരായ ഐ.ബി.എം. കൊച്ചിയെ രാജ്യത്തിൻ്റെ എ.ഐ ഹബ്ബാക്കാൻ ഒരുങ്ങിക്കൊണ്ടാണ് ഐബിഎമ്മിൻ്റെ പ്രഖ്യാപനം. കൊച്ചിയിലെ സോഫ്റ്റ്‌വെയർ ലാബിൽ പുതിയ ജെനറേറ്റീവ് എഐ ഇന്നവേഷൻ സെന്റർ ഉടൻ ആരംഭിക്കും.
രാജ്യത്തെ പുതുതലമുറക്ക് ആവശ്യമായ പരിശീലനം നൽകുന്നതിലാണ് ജനറേറ്റീവ് എ.ഐയുടെ ഭാവിയെന്നാണ് ഐ.ബി.എമ്മിൻ്റെ വിലയിരുത്തൽ. അതുതന്നെയാണ് കൊച്ചിയിലെ പുതിയ ജനറേറ്റീവ് എ.ഐ ഇന്നവേഷൻ സെൻ്ററിലൂടെ ഐ.ബി.എം ലക്ഷ്യമിടുന്നതും. സംരംഭകർക്ക് എഐ സാങ്കേതിക വിദ്യകൾ ലഭ്യമാക്കുന്നതിനൊപ്പം പൊതു അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താനും സെൻ്റർ ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്തെ സർവകലാശാലകളുമായും, സ്റ്റാർട്ടപ്പുകളുമായുള്ള സഹകരണത്തിലാണ് ഐ.ബി.എം ഏറെ പ്രതീക്ഷ വച്ചുപുലർത്തുന്നത്. വൈദഗ്ധ്യമുള്ള ജീവനക്കാരെ ലഭിക്കുന്നു എന്നതാണ് കേരളത്തിലെ ഏറ്റവും വലിയ ഗുണമെന്ന് ഐബിഎം സീനിയർ വൈസ് പ്രസിഡൻ്റ് ദിനേശ് നിർമൽ പറഞ്ഞു.
എ.ഐയുടെ വലിയ സാധ്യതകള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗപ്പെടുത്താന്‍ കമ്പനികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എ.ഐ സാങ്കേതികവിദ്യ 2035 ഓടെ ഒരു ട്രില്യണ്‍ ഡോളറോളം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദിനേശ് നിർമൽ പറഞ്ഞു.