സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ ഹൈറിച് തട്ടിപ്പ് കേസിൽ പരാതി ഒതുക്കിതീർക്കാൻ കാസർകോട് മേൽപ്പറമ്പ് പൊലീസിന്റെ ഒത്തുകളി. പണം നഷ്ടപെട്ട ഭിന്നശേഷിക്കാരിയുടെ പരാതിയിൽ കേസെടുക്കാൻ തയ്യാറാകാത്ത പൊലീസ് തട്ടിപ്പുക്കാരുടെ ഇടനിലക്കാരായി നിന്ന് ഒത്തുതീർപ്പ് കരാറുണ്ടാക്കി. കരാർ ലംഘിച്ചിട്ടും എഫ്.ഐ.ആർ. പോലും രജിസ്റ്റർ ചെയ്യാതെ തട്ടിപ്പുകാർക്ക് പൊലീസിന്റെ ഒത്താശ. കഴിഞ്ഞ വർഷം ഡിസംബറിലാണ് കാസർകോട് പട്ല സ്വദേശിയായ ഭിന്നശേഷിക്കാരി 4,10000 രൂപ ഹൈറിച്ച് ഓൺലൈൻ ഷോപ്പിയിൽ നിക്ഷേപിച്ചത്. സ്വന്തമായൊരു വീടെന്ന സ്വപ്നം കണ്ട കുടുംബത്തിന് മുന്നിൽ വെച്ചത് മാസം തോറും 25,000 രൂപ അക്കൗണ്ടിലെത്തുമെന്ന ഓഫർ. ബന്ധുവായ യുവതി വഴിയായിരുന്നു തട്ടിപ്പ്. 5 മാസം കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ ..... പൊലീസിനെ സമീപിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ട പൊലീസ് പണം വാങ്ങിയവരെ വിളിച്ചു വരുത്തി ഒത്തുതീർപ്പ കരാറുണ്ടാക്കി. രണ്ടര മാസത്തിനുള്ളിൽ പണം തിരികെ നൽകാമെന്നായിരുന്നു കരാർ. ആ കാലാവധിയും കഴിഞ്ഞു. ചില്ലികാശ് കിട്ടിയില്ല.
ഇടനിലനിന്ന പൊലീസിനെ വീണ്ടും സമീപിച്ചു. കൈമലർത്തി കാണിച്ച പൊലീസ് കേസെടുത്ത് പോലും തട്ടിപ്പുകാരെ വേദനിപ്പിക്കാൻ തയ്യാറല്ല. ഒറ്റപ്പെട്ട കുടുംബത്തെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനും ശ്രമം.