മഴവില്ല് എന്ന പേരിൽ സംഘടിപ്പിക്കുന്ന കുട്ടികളുടെ മാഗസിൻ പ്രകാശന ചടങ്ങിലാണ് സഞ്ജു ടെക്കി മുഖ്യാതിഥി ആകുന്നത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷൻ അംഗവും എസ്എഫ്ഐ മുൻ സംസ്ഥാന ഭാരവാഹിയുമായ ആർ റിയാസ് ആണ് പരിപാടിയുടെ മുഖ്യ സംഘാടകൻ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നാണ് സഞ്ജുവിന് നോട്ടീസിൽ നൽകിയിരിക്കുന്ന വിശേഷണം. വാഹനത്തിൽ നീന്തൽക്കുളം ഒരുക്കി റോഡിലൂടെ സഞ്ചരിച്ച ദൃശ്യം യൂട്യൂബിൽ നൽകിയതിനാണ് സഞ്ജുവിനെതിരെ നടപടിയെടുത്തത്. നടപടിയെ പരിഹസിച്ച് സഞ്ജു വീണ്ടും വീഡിയോ ഇട്ടു. തുടർന്നാണ് ലൈസൻസ് റദ്ദാക്കാനും വാഹനത്തിന്‍റെ റജിസ്ട്രേഷൻ കാൻസൽ ചെയ്യാനും മോട്ടർ വാഹന വകുപ്പ് തീരുമാനിച്ചത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ സാമുഹ്യ സേവനത്തിനും എംവിഡി കേന്ദ്രത്തിൽ പരിശീലനത്തിനും അയച്ചു. ഇത്തരം ഒരാളെ കുട്ടികളുടെ പരിപാടിയിൽ മുഖ്യാതിഥിയായി കൊണ്ടുവരുന്നതിൽ വിമർശനം ശക്തമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും തദ്ദേശഭരണ ഭാരവാഹികളുമെല്ലാം പരിപാടിയിൽ ഉണ്ട്. പ്രദേശവാസിയായതു കൊണ്ടാണ് സഞ്ജു ടെക്കിയെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതെന്നാണ് സംഘാടകനായ ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ് പറഞ്ഞു. മോട്ടർ വാഹന നിയമ ലംഘനം എല്ലാവരും നടത്താറുള്ളതല്ലേ എന്നും റിയാസ് ചോദിക്കുന്നു .