കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദര്‍ഷിപ്പെത്തുകയാണ്. തുറമുഖത്തിന്‍റെ ആദ്യഘട്ടം ഇക്കൊല്ലം കമ്മിഷന്‍ ചെയ്യുന്നതിനൊപ്പം രണ്ടാംഘട്ടത്തിന്‍റെ നിര്‍മാണവും ആരംഭിക്കും. നാല് വര്‍ഷമെടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍. തുറമുഖത്തില്‍ 9600 കോടി രൂപയാണ് അദാനി പോര്‍ട്സിന്‍റെ നിക്ഷേപം. അങ്ങനെയെങ്കില്‍ തുറമുഖം പൂര്‍ത്തിയാകുന്നതോടെ സര്‍ക്കാരിനെന്ത് വരുമാനം ലഭിക്കും?
സാധ്യതാ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ 2034 ആകുമ്പോള്‍ 12.33 കോടി രൂപ ലഭിക്കുമെന്നാണ് നിഗമനം. 2035 ആകുന്നതോടെ ഈ തുക 25.98 കോടിയായി വര്‍ധിക്കും. 2036ല്‍ തുക 40.97 കോടി രൂപയായും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന വരുമാനത്തിന്‍റെ 20 ശതമാനം സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് തിരിച്ച് നല്‍കുകയും വേണം. കരാര്‍ അനുസരിച്ച് 2019 ല്‍ തുറമുഖത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍ ഇത് 2024 ആകുന്നത് സര്‍ക്കാരിന്‍റെ വരുമാനത്തെ ബാധിക്കില്ല. ആദ്യഘട്ടത്തില്‍ തന്നെ തുറമുഖത്ത് 10 ലക്ഷം കണ്ടെയ്നറുകളെന്ന കണക്കില്‍ കൈകാര്യം ചെയ്യാനാകും.
നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്തേക്ക് എത്തുന്ന 9600 കോടിരൂപയുടെ സ്വകാര്യ നിക്ഷേപത്തില്‍ ഈ വര്‍ഷം മാത്രം 300 കോടി രൂപ ചെലവഴിക്കപ്പെടുമെന്നാണ് കരുതുന്നത്. ഇതോടെ ഒരു കമ്പനിയില്‍ നിന്നുള്ള ഏറ്റവും വലിയ സ്വകാര്യ നിക്ഷേപമായും പോര്‍ട്സിന്‍റേത് മാറും. 8493.44 കോടി രൂപയാണ് ഒന്നാംഘട്ടത്തിലെ പദ്ധതിച്ചെലവ്. പിപിപി മാതൃകയില്‍ നിര്‍മാണത്തിനായി മാത്രം 4089 കോടിയും. ഇതില്‍ 2454 കോടി രൂപ അദാനിയുടെ പദ്ധതി വിഹതമാണ്. പുലിമുട്ടിനും ഗതാഗതത്തിനുമായി സംസ്ഥാനം 5000 കോടി മുടക്കേണ്ടി വരും.
തുറമുഖത്തിന്‍റെ ഒന്നാംഘട്ടം പ്രവര്‍ത്തനം ആരംഭിച്ച് തുടര്‍ച്ചയായ രണ്ട് വര്‍ഷം തുറമുഖത്തിന്‍റെ 75 ശതമാനം പ്രയോജനപ്പെടുത്താന്‍ സാധിച്ചാല്‍ രണ്ടാംഘട്ട നിര്‍മാണം തുടങ്ങാമെന്നായിരുന്നു ആദ്യ വ്യവസ്ഥ. എന്നാല്‍ രണ്ടാംഘട്ടം 2028 ല്‍ പൂര്‍ത്തിയാക്കുന്നതോടെ തുറമുഖം കൈവശം വയ്ക്കുന്നതിനായി അനുവദിച്ചിരുന്ന 40 വര്‍ഷ കാലാവധി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി 45 വര്‍ഷമാക്കും.