വയനാട് പനമരത്ത് പൊള്ളലേറ്റ് പിഞ്ചുകുഞ്ഞ് മരിച്ച കേസില്‍ പ്രതികള്‍ക്കുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായി. കുട്ടിയുടെ പിതാവിനും നാട്ടുവൈദ്യനും വേണ്ടിയാണ് പബ്ലിക് പ്രോസിക്യൂട്ടറായ ജോഷി മുണ്ടയ്ക്കല്‍ ഹാജരായത്. രണ്ട് പ്രതികള്‍ക്കും കോടതി ജാമ്യം നല്‍കി. പബ്ലിക് പ്രോസിക്യൂട്ടറുടെ അധികാരം ഉപയോഗിച്ച് വിവരങ്ങള്‍ ജോഷി ശേഖരിച്ചെന്നാണ് ആരോപണം. സംഭവത്തില്‍ പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ജൂൺ ഒമ്പതിനാണ് ചുടുവെള്ളം നിറച്ച ബക്കറ്റിൽ വീണ് മൂന്ന് വയസ്സുകരാൻ മുഹമ്മദ് അസാന് പൊള്ളലേറ്റത്. വിദഗ്ധ ചികില്‍സ ലഭ്യമാക്കാതെ പിതാവ് അൽത്താഫ് കുട്ടിയെ നാട്ടു വൈദ്യൻ ഐക്കരക്കുടി സ്വദേശി ജോർജിന്റെ അടുത്തേക്ക് കൊണ്ട് പോവുകയായിരുന്നു. കഴിഞ്ഞ 20 ന് കുട്ടി മരിച്ചതോടെ പനമരം പൊലീസ് കേസെടുത്ത് മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വാദം തുടരുന്നതിനിടെയാണ് പബ്ലിക് പ്രോസിക്യൂട്ടർ ജോഷി മുണ്ടയ്ക്കൽ പ്രതി അൽത്താഫിനു വേണ്ടി ഹാജരായത്. പിന്നാലെ രണ്ടു പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു.
മറ്റൊരു അഭിഭാഷകനാണ് പ്രതിയുടെ വക്കാലത്ത് ഏറ്റെടുത്തിരുന്നതെങ്കിലും ജോഷിയാണ് വാദിച്ചത്. സംഭവത്തിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മജിസ്ട്രേറ്റിന്റെ ചേമ്പറിൽ എത്തി നീരസമറിയിച്ചതായാണ് സൂചന. എന്നാൽ താൻ പ്രതിക്കുവേണ്ടി വക്കാലത്ത് ഏറ്റെടുക്കുകയോ ഹാജരാവുകയോ ചെയ്തിട്ടില്ല എന്നാണ് പബ്ലിക് പ്രോസിക്യൂട്ട് ജോഷിയുടെ വിശദീകരണം.