- 1

ആലപ്പുഴ ജില്ലയിൽ തുടങ്ങിയ പക്ഷിപ്പനി ആദ്യമായി പത്തനംതിട്ട ജില്ലയിലേക്കും വ്യാപിച്ചു.  തണ്ണീർത്തടങ്ങളെ കേന്ദ്രീകരിച്ചുള്ള ദേശാടന പക്ഷികളിലൂടെയാണ് രോഗം വ്യാപിച്ചതെന്നാണ്  നിഗമനം. നിരണത്തെ സർക്കാർ പക്ഷി വളർത്തൽ കേന്ദ്രത്തിൽ ഉൾപ്പെടെ പ്രദേശത്തെ പതിനായിരത്താളെ പക്ഷികളെ കൊന്നൊടുക്കി. 

 

അപ്രതീക്ഷിതമായിട്ടാണ് പത്തനംതിട്ട ജില്ലയിലേക്ക് പക്ഷിപ്പനി എത്തിയത്. ആലപ്പുഴയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന രോഗം തിരുവല്ല ചുമത്രയിലും നിരണത്തും പടർന്നു പിടിച്ചപ്പോൾ താറാവ് കർഷകർ വലഞ്ഞു. മുൻ പരിചയക്കുറവ് രോഗവ്യാപ്തിയും കർഷകരുടെ ആശങ്കയും കൂട്ടി. പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന കുട്ടനാട് - അപ്പർകുട്ടനാട് മേഖലയിലെ തണ്ണീർത്തടങ്ങളും താറാവുകളുടെ സഞ്ചാരവുമാണ് ജില്ലയിലേക്കും പക്ഷിപ്പനി പകർത്തിയതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

തണ്ണീർത്തടങ്ങൾ കുറഞ്ഞ മറ്റു ജില്ലകളിലേക്ക് പക്ഷിപ്പനി പടരാൻ സാധ്യതയില്ലെന്നാണ് വിദഗ്ധ സമിതിയുടെ നിഗമനം. പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളിലെ മറ്റു കർഷകരുടെ വളർത്തു പക്ഷികളെ കൂടി കൊന്നൊടുക്കിയതോടെ ഉപജീവനമാർഗം നഷ്ടപ്പെട്ട കുടുംബങ്ങളും നിരവധിയാണ്.

മുട്ട വിഭവങ്ങൾ ഒഴിവാക്കിയ തട്ടുകടകളും, പുഴുങ്ങിയ മുട്ട ഒഴിവാക്കിയ ജിമ്മുകളും ജില്ലയ്ക്ക് പുതിയ അനുഭവമായിരുന്നു. പക്ഷിപ്പനി ബാധിച്ച പ്രദേശത്ത് മൂന്നുമാസത്തേക്ക് പക്ഷി വളർത്തൽ പാടില്ലെന്ന് നിർദേശം പാലിച്ച് ആയിരത്തിലധികം കുടുംബങ്ങളാണ് താൽക്കാലികമായി പക്ഷി വളർത്തൽ നിർത്തിവച്ചിരിക്കുന്നത്.

ENGLISH SUMMARY:

Bird flu also in Pathanamthitta