പൊതുമേഖലാ ബാങ്കുകളിലെ ക്ലാർക്ക് നിയമനത്തിനായി ഇന്ത്യൻ ബാങ്കിങ് പേഴ്സണൽ സെലക്‌ഷൻ (ഐ.ബി.പി.എസ്.) നടത്തുന്ന പൊതുപരീക്ഷയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 11 ബാങ്കുകളിലായി 6128 ഒഴിവുണ്ട്. ഇതിൽ 106 ഒഴിവ് കേരളത്തിലാണ്. ബിരുദധാരികൾക്ക് അപേക്ഷിക്കാം.
ബാങ്കുകൾ: ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയാണ് നിയമനപ്രക്രിയയിലുൾപ്പെട്ട ബാങ്കുകൾ.
യോഗ്യത: ഏതെങ്കിലുംവിഷയത്തിൽ അംഗീകൃത സർവകലാശാലയിൽനിന്ന് നേടിയ ബിരുദമാണ് യോഗ്യത. കൂടാതെ, കംപ്യൂട്ടർ പരിജ്ഞാനവുമുണ്ടായിരിക്കണം (അപേക്ഷകർ ഹൈസ്കൂളിലോ കോളേജിലോ ഇൻസ്റ്റിറ്റ്യൂട്ടുകളിലോ കംപ്യൂട്ടർ/ഐ.ടി. ഒരുവിഷയമായി പഠിക്കുകയോ കംപ്യൂട്ടർ ഓപ്പറേഷൻസ്/ലാംഗ്വേജിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി നേടുകയോ ചെയ്തിരിക്കണം). അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനുമറിയണം.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും അപേക്ഷിക്കുന്നതിനുള്ള ലിങ്കും www.ibps.in ൽ ലഭിക്കും. അവസാനതീയതി: ജൂലായ് 21