നിയമം ലംഘിച്ചുള്ള ആകാശ് തില്ലങ്കേരിയുടെ ഡ്രൈവിങ്ങിൽ സ്വമേധയ കേസെടുക്കുമെന്ന് ഹൈക്കോടതി. പൊതു സ്ഥലത്ത് ഉണ്ടാകാൻ പോലും പാടില്ലാത്ത വാഹനം ഓടിക്കുന്നത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നും ഹൈക്കോടതി വിമർശിച്ചു. നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ കർശന നടപടിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. അതിനിടെ ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പിൻ്റെ ആർ.സി സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു.
വാർത്ത ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ആകാശ് തില്ലങ്കേരിയുടെയടക്കം നിയമലംഘനങ്ങളിൽ സ്വമേധയാ കേസെടുക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാളാണ് വാഹനം ഓടിക്കുന്നത് എന്നാണ് മനസ്സിലാക്കുന്നതെന്ന് ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, ഹരിശങ്കർ.വി.മേനോൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. പൊതു സ്ഥലത്ത് ഉണ്ടാകാൻ പോലും പാടില്ലാത്ത വാഹനമാണിത്. കർശന നടപടി ഉണ്ടാകണമെന്നും കോടതി വ്യക്തമാക്കി. കോഴിക്കോട് വടകരയിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്ന കുട്ടികളെ സ്വകാര്യ ബസടിച്ച ദൃശ്യങ്ങളും കോടതി പരിശോധിച്ചു. സ്റ്റേജ് കാര്യേജ് ബസുകൾക്ക് വേറെ നിയമമാണോ എന്ന് മനോരമ ന്യൂസ് വാർത്ത പരിശോധിച്ച് കോടതി ചോദിച്ചു. ടൂറിസ്റ്റ് ബസുകളിൽ നിയമവിരുദ്ധമായ ലൈറ്റുകൾ ഇപ്പോഴും തുടരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഓരോ ലൈറ്റിനും 5000 രൂപ വീതം പിഴ ഈടാക്കേണ്ടി വരും എന്നും ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി. കേരള മിനറൽ സ് ഏൻ്റ് മെറ്റൽസ് മാനേജിങ് ഡയറക്ടറുടെ വാഹനം ബീക്കൺ ലൈറ്റിട്ട് അമിതവേഗതയിൽ സഞ്ചരിച്ചതിനെയും കോടതി വിമർശിച്ചു. വാഹനം ഇന്ന് തന്നെ പരിശോധിച്ച് നാളെ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ സ്വമേധയാ കേസെടുക്കാനുള്ള നടപടിയിലേക്ക് കടക്കുകയാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.