മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിച്ചവര്‍ക്ക് സ്ഥലംമാറ്റം. സിപിഐ നേതാവ് ഭീഷണിപ്പെടുത്തിയവരെ സ്ഥലംമാറ്റി . ഏഴ് ഭൂസംരക്ഷണ സേനാംഗങ്ങള്‍ക്ക് എതിരെയാണ് നടപടി. ഭീഷണി അവഗണിച്ച് കയ്യേറ്റം ഒഴിപ്പിച്ചവരെയാണ് സ്ഥലംമാറ്റിയത് .
ദേവികുളത്തു കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യു സംഘത്തെ സിപിഐ പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയെന്നും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ആരോപണമുയര്‍ന്നിരുന്നു. ദേവികുളം കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം കയ്യേറ്റഭൂമിയിൽ നിർമിച്ച ഷെഡ് ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെയാണു സിപിഐ ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയത്.
‘മുൻപ് കയ്യേറ്റം ഒഴിപ്പിച്ച ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത് ഓർമയുണ്ടല്ലോ? അതുപോലെ സ്ഥലം മാറ്റിച്ച് വീട്ടിൽ ഇരുത്തും’ – സ്പെഷൽ തഹസിൽദാർ ലതീഷ്കുമാറിനെ ചീത്ത പറഞ്ഞ് നേതാവ് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. നടപടിയെടുത്ത ഉദ്യോഗസ്ഥരുടെ പേര് എഴുതിക്കൊടുക്കുമെന്ന് ആരോഗ്യദാസ് പറയുന്നതായുള്ള വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഒടുവിൽ, പൊലീസ് കാവലിലാണ് ഒഴിപ്പിക്കൽ പൂർത്തിയാക്കിയത്.
നേരത്തേ 3 തവണ ഈ ഭൂമിയിൽ നടത്തിയ കയ്യേറ്റം റവന്യു വകുപ്പ് ഒഴിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും കയ്യേറി ഷെഡ് നിർമിച്ചതിനെത്തുടർന്നാണു സബ് കലക്ടർ വി.എം. ജയകൃഷ്ണൻ ഒഴിപ്പിക്കാൻ നിർദേശം നൽകിയത്. എന്നാൽ, ദേവികുളം മേഖലയിൽ നടക്കുന്ന മറ്റു നിർമാണങ്ങൾക്കെതിരെ നടപടിയെടുക്കാതെ ഇതു മാത്രം പൊളിക്കുന്നതു സംബന്ധിച്ച് ചോദിക്കുക മാത്രമാണു ചെയ്തതെന്നു സിപിഐ നേതാക്കൾ പറഞ്ഞു.