ടി.പി കേസ് കൊലയാളികളെ ശിക്ഷാ ഇളവിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഒന്നര വര്‍ഷം മുന്‍പ്. ചട്ടംലംഘിച്ചുള്ള നടപടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ ഉദ്യോഗസ്ഥരെ സംരക്ഷിച്ച് സര്‍ക്കാര്‍. നിലവില്‍ സസ്പെന്‍ഷനിലായ ജോയിന്റ് സൂപ്രണ്ടിന്റെ കാലത്തല്ല പട്ടിക തയാറാക്കിയതെന്ന് വ്യക്തമായിട്ടും വീഴ്ചവരുത്തിയവരെ കണ്ടെത്താനും നടപടിയില്ല.
ഹൈക്കോടതി വിധി മറികടന്ന് കൊടുംകൊലയാളികളെ ഇളവിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയതില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ മാത്രമാണ് കുറ്റക്കാരെന്നും, അനര്‍ഹരെ ഒഴിവാക്കാന്‍ ജൂണ്‍ 3ന് നല്‍കിയ നിര്‍ദേശം നടപ്പാക്കാത്തത് മാത്രമാണ് തെറ്റെന്നും പറഞ്ഞ് കയ്യൊഴിനാണ് സര്‍ക്കാര്‍ ശ്രമം.
എന്നാല്‍ സി.പി.എമ്മിന് വേണ്ടപ്പെട്ട കൊലയാളികളായ ഇവര്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കത്തിന് ഒന്നര വര്‍ഷത്തെ പഴക്കമുണ്ടന്ന് തെളിയിക്കുകയാണ് കണ്ണൂര്‍ സൂപ്രണ്ട് നല്‍കിയ ഈ വിശദീകരണകുറിപ്പ്. 2023 ജനുവരി 30ന് തയാറാക്കിയ 368 പേരുടെ ആദ്യപട്ടികയില്‍ തന്നെ ഇവരുണ്ടായിരുന്നു. പിന്നീട് ഈ മെയ് 30ന് തിരുത്തിയ 188 പേരുടെ പട്ടികയിലും ഇവര്‍ തുടര്‍ന്നു. ശിക്ഷാ ഇളവിന് പരിഗണിക്കരുതെന്ന ഹൈക്കോടതി വിധി ഫെബ്രൂവരിയില്‍ വന്ന ശേഷം, മെയ് 30ന് തയാറാക്കിയ പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്തിയതാണ് ചട്ടലംഘനവും ഗൂഡനീക്കവും. ഒരുവര്‍ഷത്തിലേറെയായി കണ്ണൂരിലിരുന്ന ശേഷം 31ന് വിരമിച്ച മുന്‍ സൂപ്രണ്ടിനാണ് വീഴ്ചയുടെ ഉത്തരവാദിത്തമെന്ന് ഇതില്‍ വ്യക്തമാണ്. എന്നാല്‍ അതിനേക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ശ്രമമില്ല. ടി.പിയെ കൊന്നവര്‍ പട്ടികയിലുള്ളകാര്യം 2023 തുടക്കം മുതല്‍ ആഭ്യന്തരവകുപ്പിലെ എല്ലാവര്‍ക്കും അറിയാമായിരുന്നിട്ടും വിവാദമാകും വരെ തിരുത്താന്‍ ശ്രമിച്ചില്ലെന്നും വ്യക്തം.