കെ.എസ്.ആര്‍.ടി.സി ബസുകള്‍ ക്ലാസ് റൂമുകളാക്കാനുള്ള പദ്ധതി വിദ്യാഭ്യാസ വകുപ്പ് ഉപേക്ഷിച്ചു. സംസ്ഥാന വ്യാപകമായി നടത്താന്‍ ലക്ഷ്യമിട്ട പദ്ധതിയല്ലായിരുന്നെന്നും സ്കൂള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ബസ് ക്ലാസ്റൂമാക്കിയതെന്നും വിശദീകരണം. ക്ലാസ്മുറികളാക്കാനുള്ള സര്‍ക്കാര്‍ പരീക്ഷണം കാടുകയറി നശിച്ചെന്ന മനോരമ ന്യൂസ് വാര്‍ത്തയോടായിരുന്നു പ്രതികരണം.
കട്ടപ്പുറത്തായ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ക്ലാസ് റൂമുകളാക്കാനുള്ള പദ്ധതി അമ്പേ പരാജയപ്പെട്ടതോടെ ഇനി വേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. പദ്ധതി ആവിഷ്കരിച്ചപ്പോള്‍ വകുപ്പിലെ പലര്‍ക്കും വിയോജിപ്പുള്ള പദ്ധതി മന്ത്രിയായിരുന്ന ആന്‍റണി രാജുവിന്‍റേയും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടേയും താല്‍പര്യ പ്രകാരമാണ് നടപ്പാക്കിയത്.
ഉദ്ഘാടനം ആഡംബരമായി നടപ്പാക്കിയെങ്കിലും പിന്നീട് പ്രായോഗിക മല്ലെന്നു കണ്ടു വിദ്യാഭ്യാസ വകുപ്പും താല്‍പര്യം കാണിച്ചില്ല. ഏറ്റവുമൊടുവില്‍ ബസിലെ സ്മാര്‍ട് ക്ലാസ് റൂം സാധനങ്ങളും എ.സിയും മാറ്റി ഇങ്ങനെ മൂലയ്ക്കിടുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്‍റെ താല്‍പര്യമല്ലായിരുന്നെന്നും , സ്കൂളിലെ അധ്യാപകരും പിടിഎയും ആവശ്യപ്പെട്ടതനുസരിച്ചാണ് കെ.എസ്.ആര്‍.ടി ബസ് ക്ലാസ് റൂം ആക്കി മാറ്റിയതെന്നും വിശദീകരിക്കുന്നു.ബസിലെ ക്ലാസ് റൂം പദ്ധതി എന്നന്നേക്കുമായി ബ്രേക്ക് ഡൗണായെന്നര്‍ഥം.തലസ്ഥാന നഗരത്തിലെ മണക്കാട് സ്കൂളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ബസ് ക്ലാസ് റൂം ഇപ്പോള്‍ ടാപോളിന്‍ മൂടി കാടു പിടിച്ചു കിടക്കുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മനോരമ ന്യൂസ് സംപ്രേഷണം ചെയ്തിരുന്നു.