rain-03

TOPICS COVERED

കേരളത്തിൽ ഇന്നും പരക്കെ മഴക്ക് സാധ്യത. ഇടുക്കി മുതൽ കാസർകോടുവരെ ഒൻപതു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലുമാണ് ശക്തമായ മഴക്ക് സാധ്യതയുള്ളത്. ഇന്ന് കഴിഞ്ഞാൽ മഴയുടെ തീവ്രത കുറഞ്ഞേക്കും

കാലവര്‍ഷം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലും  ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  ഇന്ന് അവധി പ്രഖ്യാപിച്ചു. ആലപ്പുഴയില്‍ കുട്ടനാട്, അമ്പലപ്പുഴ, ചേര്‍ത്തല, ചെങ്ങന്നൂര്‍ താലൂക്കുകളിലാണ് അവധി. പ്രൊഫഷണല്‍ കോളജുകള്‍ക്കും അങ്കന്‍വാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. മുന്‍നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല

അതേസമയം, കടലാക്രമണം ചെറുക്കാൻ നടപടികൾ ഉണ്ടാകുന്നില്ലെന്ന് ആരോപിച്ച് വൈപ്പിൻ എടവനക്കാട് പഞ്ചായത്തിൽ ഇന്ന് ഹർത്താൽ. തീരദേശ സംരക്ഷണ സമിതിയാണ് രാവിലെ 6 മുതൽ വൈകീട്ട് 6 വരെ ഹർത്താലിന് ആഹ്വാനം നൽകിയിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ വൈപ്പിൻ സംസ്ഥാനപാത പ്രദേശവാസികൾ ഉപരോധിച്ചിരുന്നു. രാവിലെ എട്ടുമണിക്ക് ആരംഭിച്ച ഉപരോധം അഞ്ച് മണിയോടെയാണ് അവസാനിച്ചത്. പ്രദേശത്ത് ടെട്രാപോഡ് കടൽ ഭിത്തി നിർമ്മിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇക്കാര്യത്തിൽ ഇന്ന് ഉച്ചയ്ക്ക് ജില്ലാ കലക്ടറുമായി  സമരസമിതി ചർച്ച നടത്തും. ചർച്ച പരാജയമായാൽ പ്രതിക്ഷേധം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.

ENGLISH SUMMARY:

Heavy rain continues in kerala yellow alert in 9 districts today.