ട്രാഫിക് പോസ്റ്റിൽ ഇടിച്ച് അന്തർ സംസ്ഥാന ബസ് മറിഞ്ഞ കൊച്ചി പനങ്ങാട്ട് സ്ഥിരം അപകടം ഉണ്ടാകാറുണ്ടെന്ന് പ്രദേശവാസികൾ. ട്രാഫിക് സിഗ്നൽ ഉണ്ടെങ്കിലും നിരീക്ഷണ ക്യാമറ പ്രവർത്തിക്കാത്തതിനാൽ നിയമം പാലിക്കാൻ ആരും തയ്യാറാകുന്നില്ല. ക്യാമറ പണിമുടക്കിയത് കൊണ്ട് അപകടത്തിന്റെ ദൃശ്യങ്ങൾ ശേഖരിക്കാൻ പോലീസിനും സാധിച്ചിട്ടില്ല
അരൂർ ഇടപ്പള്ളി ദേശീയപാത ബൈപ്പാസിൽ ഏറ്റവും കൂടുതൽ അപകടം ഉണ്ടകുന്ന സ്ഥലമാണ് പനങ്ങാട് ജംഗ്ഷൻ. ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് സിഗ്നൽ ഉണ്ടെങ്കിലും ആരും നിയമം പാലിക്കാറില്ല. നിയമലംഘനങ്ങൾ കണ്ടെത്താൻ നിരീക്ഷണ ക്യാമറകൾ സ്ഥലത്തു ഉണ്ടെങ്കിലും പ്രവർത്തന രഹിതമാണ്. ട്രാഫിക് സിഗ്നൽ സംബന്ധിച്ചും മറ്റും പരാതി അറിയിച്ചാൽ മാസങ്ങൾക്ക് ശേഷമേ ശെരിയാക്കുകയുള്ളു എന്നും പ്രദേശവാസികൾ പറയുന്നു.
സിസിടിവി പ്രവർത്തന രഹിതമായാൽ സിഗ്നൽ പോസ്റ്റിൽ ഇടിച്ചു ബസ് മറിഞ്ഞതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചില്ല. ബസിനുള്ളിലും ക്യാമറ ഉണ്ടായിരുന്നില്ല. അതേസമയം ബസ് ഡ്രൈവർക്കെതിരെ പരാതിയുമായി മരിച്ച ബൈക്ക് യാത്രികന്റെ ബന്ധുക്കൾ രംഗത്തെത്തി.
അമിത വേഗതയ്ക്ക് പുറമെ കല്ലട ബസ് മറ്റ് ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സീറ്റുകളുടെ എണ്ണത്തിൽ അടക്കം മാറ്റം വരുത്തി എന്ന പരാതിയും പരിശോധിക്കും.