TOPICS COVERED

കായലിന് കുറുകേയുള്ള എറ്റവും വലിയ പാലം, ആലപ്പുഴ പെരുമ്പളത്ത് യാഥാര്‍ഥ്യമാകുന്നു. ഈ വര്‍ഷമവസാനത്തോടെ പാലം തുറന്നുകൊടുക്കും. വര്‍ഷങ്ങളായുള്ള പെരുമ്പളം ദ്വീപ് നിവാസികളുടെ യാത്രാദുരിതമാണ് ഇതോടെ അവസാനിക്കുക. 100 കോടിയാണ് ഭീമന്‍ പാലത്തിന്‍റെ ചെലവ്.

നാലുവശവും വേമ്പനാട് കായലിനോട് ചുറ്റപ്പെട്ടു കിടക്കുന്ന ചെറുദ്വീപ്. ആലപ്പുഴ ജില്ലയിലാണ് ഉള്‍പ്പെടുന്നതെങ്കിലും എറണാകുളം ജില്ലയോട് ചേര്‍ന്നങ്ങനെ കിടപ്പാണ്. ഇത്രയും കാലം വള്ളങ്ങളിലും ജങ്കാറിലും ബോട്ടിലും മാത്രമായിരുന്നു യാത്ര. പക്ഷേ, പെരുമ്പളം മണ്ണില്‍ തൊട്ട് ആകാശത്തേയ്ക്കുയര്‍ന്നു നില്‍ക്കുന്ന ഒരു പാലത്തിലൂടെ സ്വപ്നത്തില്‍ സഞ്ചരിച്ചിട്ടുണ്ട്, ഇവര്‍. പാരമ്പര്യസ്വത്തു പോലെ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ആ സ്വപ്നത്തിന് വെള്ളത്തിനുമീതെ ജീവന്‍വെയ്ക്കുന്നു. 

ദേശീയ ജലപാതയ്ക്ക് കുറുകയാണ് പെരുമ്പളം– പാണാവള്ളി പാലം. മറുകരയായ വടുതലയുമായി ബന്ധിപ്പിക്കുന്നു. 1110 മീറ്റര്‍ നീളം. അങ്ങനെ നോക്കുമ്പോള്‍ കായലിന് കുറുകേയുള്ള ഏറ്റവും വലിയ പാലം. കിഫ്ബി 100 കോടി രൂപ അനുവദിച്ച പാലത്തിന്‍റെ നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കാണ്. എഴുപതുശതമാനത്തിലധികം പണികളും പൂര്‍ത്തിയായി. ഈ വര്‍ഷം അവസാനത്തോടെ തുറന്നുകൊടുക്കാനാവുമെന്നാണ് പ്രതീക്ഷ.

പാലം തുറക്കുന്നതോടു കൂടി, ദ്വീപിലുണ്ടാകാന്‍ പോകുന്നത് മാറ്റങ്ങളുടെ ചാകര. വിനോദസഞ്ചാരികളുടെ ഫേവറിറ്റ് സ്പോട്ടാകാന്‍ ഈ പച്ചത്തുരുത്തിന് അധികനാള്‍ വേണ്ടിവരില്ല. ആദ്യത്തെ പെരുമ്പളത്തുകാരന്‍റെ കാല്‍പാദം ഈ പാലത്തില്‍ തൊടുന്നുനിമിഷം, നൂറ്റാണ്ടുപഴക്കമുള്ള യാത്രാദുരിതം വേമ്പനാട്ടുകായലിലെ വെള്ളത്തില്‍ വരച്ച വര പോലെയാകും. ഒരു മുത്തശ്ശിക്കഥയായി മാത്രം ഇന്നത്തെ കുരുന്നുകള്‍ ദ്വീപില്‍ അത് പാടിനടക്കും.