ദേശീയപാതയില്‍ ഗതാഗതമന്ത്രിയുടെ നിര്‍ദേശപ്രകാരം നടപ്പിലാക്കിയ ഗതാഗത പരിഷ്ക്കരണത്തില്‍ വലഞ്ഞ് ജനം. നെടുമ്പാശേരി അത്താണിയിലെ പരിഷ്ക്കരണത്തിന് ശേഷം ഗതാഗത കുരുക്ക് കൂടി. മന്ത്രി നിര്‍ദേശിച്ച് ഒരുമാസം പിന്നിട്ടെങ്കിലും പലയിടങ്ങളിലും പരിഷ്ക്കരണം നടപ്പിലാക്കാനും ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ മാസം 24നാണ് ചാലക്കുടി മുതല്‍ ആലുവ വരെയുള്ള ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് മന്ത്രി കെ.ബി ഗണേശ്കുമാര്‍ നല്‍കിയത്.
ദേശീയപാതയില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് തിരിയുന്ന അത്താണി ജംഗ്ഷനില്‍ അടക്കം പലയിടങ്ങളിലും വലിയ വീപ്പ വച്ച് ചരട് വലിച്ച് കെട്ടിയാണ് പരിഷ്ക്കരണം. അത്താണിയില്‍ ദേശീയ പാതയോട് ചേര്‍ന്നുള്ള സെന്‍റ് ഫ്രാന്‍സീസ് അസ്സീസി സ്കൂളിലെ കുട്ടികള്‍ക്ക് അടക്കം ഗതാഗത പരിഷ്ക്കരണം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നാണ് പരാതി. കുട്ടികള്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ കഴിയുന്നില്ല. അങ്കമാലിയില്‍ അടക്കം മന്ത്രി പറഞ്ഞ പല പരിഷ്ക്കരണങ്ങളും ഇതുവരെയും നടപ്പിലാക്കിയിട്ടുമില്ല. നിര്‍ദേശങ്ങള്‍ നല്‍കി ഒരുമാസം പിന്നിടുമ്പോള്‍ അവലോകനം നടത്തുമെന്നായിരുന്നു മന്ത്രി നേരത്തെ പറഞ്ഞിരുന്നത്.