എട്ടു കിലോമീറ്റര്‍ ദൂരം കനാല്‍ പണിതതില്‍ സര്‍ക്കാരിന് ഒരു കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന കേസില്‍ നാല്‍പത്തിനാലു പ്രതികള്‍ക്ക് മൂന്നു വര്‍ഷം വീതം തടവുശിക്ഷ. തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഈ അപൂര്‍വ വിധി. ഓരോ പ്രതികളും ആറു ലക്ഷം രൂപ വീതം പിഴയൊടുക്കണം.
ഇരുപതു വര്‍ഷം മുമ്പായിരുന്നു കനാല്‍ നിര്‍മാണം. എട്ടു കിലോമീറ്ററാണ് കനാലിന്റെ ദൂരം. ചാലക്കുടി വലതുകര കനാല്‍ നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. ചാലക്കുടി സ്വദേശിയായ പി.എല്‍.ജേക്കബായിരുന്നു പരാതിക്കാരന്‍. എകിസ്ക്യുട്ടീവ് എന്‍ജിനീയര്‍ മുതല്‍ കരാറുകാരന്‍ വരെ കേസില്‍ പ്രതിയായി. മൊത്തം, അന്‍പത്തിയൊന്നു പ്രതികള്‍. ഇതില്‍ ആറു പേര്‍ വിചാരണയ്ക്കിടെ മരിച്ചു. ഒരാളെ എല്ലാ കേസിലും വെറുതെവിട്ടു. ബാക്കിയുള്ള നാല്‍പത്തിനാലു പ്രതികളെയാണ് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി ജി.അനില്‍ ശിക്ഷിച്ചത്.
2003, 2004 കാലഘട്ടത്തിലായിരുന്നു കനാല്‍ നിര്‍മാണം. മൂന്നു വര്‍ഷം തടവുശിക്ഷ ആയതിനാല്‍ പ്രതികള്‍ക്ക് കോടതിയില്‍ നിന്ന് ജാമ്യം കിട്ടി. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് പ്രതികളുടെ തീരുമാനം.