or-kelu

TOPICS COVERED

വയനാടിന്റെ ആരോഗ്യ രംഗത്തെ പിന്നോക്കാവസ്ഥയും വന്യജീവി ആക്രമണങ്ങളുമടക്കം നിയുക്ത മന്ത്രി ഒ.ആർ കേളുവിനു മുന്നിൽ പ്രതിസന്ധികൾ ഏറെയാണ്. വർഷങ്ങൾക്കിപ്പുറം കിട്ടിയ മന്ത്രിസ്ഥാനത്തിന് രണ്ടു വർഷത്തെ സമയമൊള്ളെങ്കിലും വയനാടിന് അൽപമെങ്കിലും ആശ്വാസം കണ്ടെത്താനാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

2011 ലാണ് ജില്ലയിൽ നിന്ന് അവസാനമായൊരു മന്ത്രിയുണ്ടാകുന്നത്. പി.കെ ജയലക്ഷ്മി. അതിനു ശേഷം മൂന്നു നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ജില്ലയിൽ നിന്ന് മറ്റൊരാളും മന്ത്രിസഭയിൽ എത്തിയിട്ടില്ല. വർഷങ്ങൾക്കിപ്പുറം കേളുവിന് നറുക്ക് വീഴുമ്പോൾ ഏറ്റെടുകേണ്ട വെല്ലുവിളികൾ ഏറെയാണ്. വന്യ ജീവി ആക്രമണം മുമ്പെങ്ങുമില്ലാത്ത വിധം രൂക്ഷമായ വയനാട്ടിൽ ശാശ്വതമായൊരു പരിഹാരം കണ്ടെത്തുക എന്നതാണ് ആദ്യത്തേത്. ജില്ലയിലുടനീളം ദിനം പ്രതി വർധിക്കുന്ന ആക്രമണങ്ങൾക്കും ജനങ്ങളുടെ ആശങ്കക്കും പരിഹാരം കണ്ടെത്തണം. 

മെഡിക്കൽ കോളജന്നെ ജില്ലയുടെ സ്വപ്നം സഫലമാക്കലാണ് രണ്ടാമത്തേത്. പാതി വഴിയിൽ നിലച്ച ആശുപത്രി നിർമാണം പൂർത്തിയാക്കി ജില്ലയുടെ ആരോഗ്യ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തണം. കർമ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കണം. ആദിവാസി ഭൂപ്രശ്നങ്ങൾക്ക് അറുതി വരുത്തലാണ് മന്ത്രിക്കു മുന്നിലെ മറ്റൊരു പ്രതിസന്ധി. മരിയനാട്, ഇരുളം, തൊവരിമല അടക്കമുള്ള മേഖലയിൽ ഭൂമിക്കായി കാലങ്ങളായി സമരം ചെയ്യുന്ന ആദിവാസികളുണ്ട്. ഇവർക്ക് ഭൂമി പതിച്ചു നൽകലും അടിസഥാന സൗകര്യം ഒരുക്കലന്നെ കടമ്പയും മന്ത്രിക്കു മുന്നിലുണ്ട്.