പേരുമാറ്റത്തില്‍ പായസം വിതരണം ചെയ്ത് പാലക്കാട് മണ്ണാര്‍ക്കാട് നായാടിക്കുന്ന് ഐശ്വര്യ നഗറിലെ കുടുംബങ്ങള്‍. കോളനിയെന്ന പ്രയോഗം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് വര്‍ഷങ്ങളായുള്ള ഇവരുടെ ആഗ്രഹം സന്തോഷത്തിലേക്ക് വഴി തുറന്നത്. മുന്‍ മന്ത്രി കെ.രാധാകൃഷ്ണന്റെ ഉത്തരവിലൂടെ പേര് മാത്രമല്ല മാറിയത്. അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്നതിനുള്ള പണവും അദ്ദേഹം അനുവദിച്ചിരുന്നു.
കാലങ്ങളായുള്ള ആഗ്രഹം ഒടുവില്‍ യാഥാര്‍ഥ്യമായി. അങ്ങനെയെങ്കില്‍ മധുരം നുണഞ്ഞ് സന്തോഷം പങ്കിടാമെന്നായി. പ്രായമായവരും കുട്ടികളും ഒരുപോലെ ആഹ്ലാദം പങ്കിട്ട ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരും പങ്കാളികളായി. മണ്ണാര്‍ക്കാട് നഗരസഭ ഇരുപത്തി രണ്ടാം വാര്‍ഡിലാണ് ഐശ്വര്യ നഗര്‍.
കോളനിയെന്ന പേരില്‍ പലതരത്തിലുള്ള ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. വിവാഹം പോലും നടക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു. മാറ്റം വന്നതില്‍ സന്തോഷമെന്ന് നാട്ടുകാരിയായ കെ.ശാന്തകുമാരി പറയുന്നു. മുപ്പതിലേറെ കുടുംബങ്ങളാണ് ഇവിടെയുള്ളത്. പേരുമാറ്റത്തില്‍ മാത്രം ഒതുങ്ങാതെ ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുകയും ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഓരോരുത്തരും. പേര് മാറ്റത്തിന് കാരണക്കാരനായ മുന്‍ മന്ത്രി രാധാകൃഷ്ണന്‍ കാല്‍ ലക്ഷം രൂപയാണ് വികസനപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്.
അനുവദിച്ച തുക ഉപയോഗിച്ച് റോഡുകള്‍ ഇന്റര്‍ലോക്ക് ചെയ്ത് നവീകരിക്കും. അഴുക്കുചാല്‍ അറ്റകുറ്റപ്പണിയും, സൗന്ദര്യവത്കരണവും നടപ്പാക്കും. പേരു മാറുന്നതിനൊപ്പം പ്രദേശത്തിന്റെ മുഖവും നന്നായി തെളിയുമെന്ന് വ്യക്തം.