ഇടുക്കി കല്ലാറിൽ ആന സഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. കാസർകോട് നീലേശ്വരം സ്വദേശി ബാലകൃഷ്ണൻ ആണ് മരിച്ചത്. കല്ലാറിൽ പ്രവർത്തിക്കുന്ന കേരളാ സ്പൈസസ് എന്ന ആന സവാരി കേന്ദ്രത്തിലാണ് സംഭവം. വിനോദസഞ്ചാരിയെ ആനപ്പുറത്ത് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. ബാലകൃഷ്ണനെ തട്ടിവീഴ്ത്തിയ ശേഷം ആന ചവിട്ടി കൊല്ലുകയായിരുന്നു. ഇതിന് പിന്നാലെ ഇടുക്കിയിലെ ആന സവാരി കേന്ദ്രങ്ങളുടെ ലൈസൻസ് സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഉയരുകയാണ്. ബാലകൃഷ്ണന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അടിമാലി പൊലീസ് അന്വേഷണം തുടങ്ങി.