വിവാദമായ കാഫിര്‍ പോസ്റ്റ് വ്യാജമെന്ന് തെളിഞ്ഞിട്ടും പോസ്റ്റ് പ്രചരിപ്പിച്ചതിന് പിന്നില്‍ ആരെന്ന് കണ്ടെത്താനാകാതെ പൊലീസ്. സൈബര്‍ അക്രമണവുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടും കാഫിര്‍ പോസ്റ്റില്‍ അന്വേഷണം കാര്യക്ഷമമായി നടന്നിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ച കെ.കെ ലതികയെ അറസ്റ്റ് ചെയ്യണമെന്നാണ് യുഡിഎഫിന്‍റെ ആവശ്യം.
വടകരയുടെ രാഷ്ട്രീയ മണ്ഡലത്തില്‍ കത്തിനിന്ന, കാഫിര്‍ പ്രയോഗം പടച്ചുവിട്ടതാരാണെന്ന് ഉത്തരമില്ലാത്ത ചോദ്യമായി തുടരുകയാണ്. മാസം രണ്ടായിട്ടും പോസ്റ്റിന് പിന്നില്‍ ആരെന്ന് കണ്ടെത്താതെ ന്യായവാദങ്ങള്‍ നിരത്തുകയാണ് പൊലിസ്. യൂത്ത് ലീഗ് നേതാവിന് പങ്കില്ലെന്ന് പൊലീസ് െെഹകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ മുന്‍ എം.എല്‍.എയും സി.പി.എമ്മിന്‍റെ മുതിര്‍ന്ന നേതാവുമായ കെ.കെ ലതിക പോസ്റ്റ് നീക്കം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കെ.കെ ലതികക്കെതിരെ കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും റസീത് നല്‍കാത്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധിച്ചു.
എന്നാല്‍ കാഫിര്‍ പോസ്റ്റില്‍ കെ.കെ ലതികയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിന്‍റേത്. വിവാദത്തില്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാനാണ് പാര്‍ട്ടി, അണികള്‍ക്ക് നല്‍കിയ നിര്‍ദേശം.