kerala-hc-government

കേസുകളുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാരിന് ഉദാസീനതയെന്ന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സംസ്ഥാനത്തെ പരമോന്നത കോടതിയോട് സർക്കാർ അനാദരം കാണിക്കുന്നു. കേസുകൾ നീട്ടിവെക്കാൻ തുടർച്ചയായി സർക്കാർ അഭിഭാഷകർ ആവശ്യപ്പെടുന്നത് മൂലം കേസുകളുടെ എണ്ണം കുമിഞ്ഞു കൂടുന്നു എന്നും ഹൈക്കോടതി വിമർശിച്ചു

മൂവാറ്റുപുഴ– എറണാകുളം പാതയുടെ ദേശസാൽക്കരണവുമായി ബന്ധപ്പെട്ട കേസിൽ ആണ് ഹൈക്കോടതി സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്. 2018 മുതൽ പരിഗണനയുള്ള കേസിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു. എന്നാൽ ഇതുവരെ സമർപ്പിക്കപ്പെട്ടിട്ടില്ല. ജൂൺ 11ന് കേസ് പരിഗണിച്ചപ്പോൾ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഹാജരായി നടപടികൾ വിശദീകരിക്കണമെന്നും നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ ഇന്നലെ വിഷയം പരിഗണിച്ചപ്പോൾ ഹാജരാകാനുള്ള ബുദ്ധിമുട്ട് കാണിച്ച് കെ.വാസുകി ഐ.എ.എസ് അപേക്ഷ നൽകി. ഇതോടെയാണ് കോടതിയിൽനിന്നും രൂക്ഷ വിമർശനം ഉണ്ടായത്. പലവട്ടം ആവശ്യപ്പെട്ടിട്ടും എതിർ സത്യവാങ്മൂലങ്ങൾ സമർപ്പിക്കുന്നില്ല. കേസുകൾ നീട്ടിവെക്കാൻ തുടർച്ചയായി സർക്കാർ അഭിഭാഷകർ ആവശ്യപ്പെടുന്നു. ഇതുമൂലം കേസുകളുടെ എണ്ണം കുമിഞ്ഞു കൂടുന്നു എന്നും ഹൈക്കോടതി ചൂണ്ടിക്ാകട്ടി.

അടുത്ത തവണ കേസ് പരിഗണിക്കുന്ന ജൂലൈ 4 ന് ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോ, പകരം ചുമതലയുള്ള ഉദ്യോഗസ്ഥനോ ഹാജരായില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് ദിനേശ് കുമാർ സിങ് വ്യക്തമാക്കി. എതിർ സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ ബന്ധപ്പെട്ട് ഉദ്യോഗസ്ഥനിൽ നിന്നും വ്യക്തിപരമായി അരലക്ഷം രൂപ ഈടാക്കും എന്നും കോടതി പറഞ്ഞു. കോടതി ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്ന ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിലപാടിൽ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

ENGLISH SUMMARY:

'Disrespect towards court', High court against Kerala government in Muvattupuzha- Ernakulam road nationalisation case.