കാക്കനാട് ഡി.എല്‍.എഫ് ഫ്ലാറ്റിലെ റസിഡന്‍സ് അസോസിയേഷനെതിരെ പരാതിയുമായി താമസക്കാര്‍. ജല സംഭരണിയിലേത് മലിനജലമാണെന്ന റിപ്പോര്‍ട്ട് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ മറച്ചുവച്ചുവെന്നാണ് ആരോപണം. മേയ് 29ന് ഇ–കോളി ബാക്ടീരിയയുടെ സാനിധ്യമുണ്ടെന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടും അസോസിയേഷന്‍ അനങ്ങിയില്ല. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതിന് പിന്നാലെ ജൂണ്‍ 13നാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടതെന്നും ഫ്ലാറ്റിലെ താമസക്കാര്‍ പറഞ്ഞു.
മെയ് മാസത്തിലെ അവസാന ആഴ്ചയില്‍ ഡി.എല്‍.എഫ് ഫ്ലാറ്റ് സമുച്ചയത്തിലെ മഴവെള്ള സംഭരണി 80 ശതമാനം നിറഞ്ഞുവെന്നും ഫ്ലാറ്റിലെ ആവശ്യങ്ങള്‍ക്ക് ആ വെള്ളം വിതരണം ചെയ്യുമെന്നും ഫ്ലാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ താമസക്കാരെ അറിയിച്ചു. ജലത്തിലെ കീടാണുക്കളുടെ സാന്നിധ്യം പരിശോധിക്കണമെന്ന് താമസക്കാര്‍ ആവശ്യപ്പെട്ടു. ജലത്തില്‍ ഇ-കോളി അടക്കുമള്ള ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന ലാബ് റിപ്പോര്‍ട്ട് ലഭിച്ചെങ്കിലും റസിഡന്‍സ് അസോസിയേഷന്‍ അനങ്ങിയില്ല. പിന്നീടുള്ള ദിവസങ്ങളില്‍ താമസക്കാര്‍ക്ക് പലര്‍ക്കും വയറിളക്കവും ഛര്‍ദിയും പതിവായി. തുടര്‍ന്ന് പരിശോധന റിപ്പോര്‍ട്ട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതോടെ ജൂണ്‍ 13നാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ഫ്ലാറ്റിലെ ജല ശുിദ്ധീകരണ സംവിധാനത്തിന് ഇ കോളി പോലെയുള്ള ബാക്ടീരിയയെ നശിപ്പിക്കാനാകില്ല. ആര്‍.ഒ, യു.വി പ്ലാന്‍റ് സ്ഥാപിക്കണമെന്നാണ് താമസക്കാരുടെ ആവശ്യം. ഫ്ലാറ്റിനുള്ളില്‍ രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് ഫ്ലാറ്റില്‍ തുടരുന്നുണ്ട്. അസുഖ ബാധിതരായ പ്രായമായവരില്‍ പലരും ഗുരുതരാവസ്ഥയിലാണ്.