Untitled design - 1

അണുബാധയേറ്റ് വീട്ടമ്മ മരിച്ചത് ആശുപത്രിക്കാരുടെ വീഴ്ചയാണെന്ന് സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ചാലക്കുടി സെന്റ് ജെയിംസ്, കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ചികില്‍സ പിഴവാണെന്നാണ് കണ്ടെത്തല്‍. വയറിന്റെ ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണ് ആലുവ സ്വദേശിനി പി. സുശീല ദേവി ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ ചികില്‍സ തേടിയത്. പിന്നീട്, കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

 

ഭക്ഷണം നല്‍കാന്‍ അന്നനാളത്തിലേയ്ക്കിട്ട ട്യൂബില്‍ നിന്നുണ്ടായ അണുബാധയായിരുന്നു കാരണം. ശ്വാസകോശത്തിലേക്ക് ഭക്ഷണത്തിന്റെ ഭാഗങ്ങള്‍ എത്തിയത് ആശുപത്രിക്കാരുടെ വീഴ്ചയാണെന്ന് അന്നേ സംശയിച്ചിരുന്നു. മകള്‍ എസ്.സുചിത്ര അമ്മയുടെ ചികില്‍സ പിഴവില്‍ നടപടി തേടി രണ്ടു വര്‍ഷമായി അലയുകയാണ്. 

കോടതിയിലും ആരോഗ്യ വകുപ്പിലുമായി നടത്തിയ നിയമപോരാട്ടങ്ങള്‍ അവസാനം ഫലം കണ്ടു. ഏഴു ഡോക്ടര്‍മാര്‍ അടങ്ങുന്ന സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് ചികില്‍സ രേഖകള്‍ പരിശോധിച്ച് വിധിയെഴുതി. ഇത്, ചികില്‍സ പിഴവ് തന്നെ. നഷ്ടപരിഹാരം വേണ്ട. കുറ്റക്കാര്‍ വിചാരണ നേരിടണം. മകള്‍ സുചിത്ര നിശ്ചദാര്‍ഢ്യത്തോടെ പറയുന്നു.തൃശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ആണ് നിലവില്‍ അന്വേഷണം. കോടതി നേരിട്ടന്വേഷിക്കണമെന്നാണ് മകളുടെ ആവശ്യം.

ENGLISH SUMMARY:

Housewife died of infection due to negligence of hospital staff; Report of the Medical Board