ത്യാഗത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും ഓര്‍മ പുതുക്കി വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച മകനെ ദൈവകല്‍പന പ്രകാരം ഇബ്രാഹിം നബി ബലി നല്‍കാന്‍ ശ്രമിച്ചതിന്‍റെ ഓര്‍മ പുതുക്കലാണ് ബലി പെരുന്നാള്‍. ത്യാഗ സ്മരണകള്‍ പങ്കുവച്ച് കുടുംബത്തിലെ എല്ലാവരും ഒത്തുകൂടിയതോടെ പെരുന്നാള്‍ ആഘോഷത്തിന് മധുരമേറി.
തിരുവനന്തപുരത്ത് നടന്ന ഈദ് നമസ്കാരത്തിന് പാളയം ഇമാം വി.പി.സുഹൈബ് മൗലവി നേതൃത്വം നല്‍കി. മനുഷ്യരെ വെറുക്കുക ദൈവകല്‍പ്പനയല്ലെന്നും സാഹോദര്യവും സമാധാനവും ശക്തിപ്പെടുത്തുകയാണ് ബലി പെരുന്നാളിന്‍റെ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട്ട് നടന്ന ഈദ് നമസ്കാരത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ആശംസകള്‍ നേര്‍ന്നു. കൊച്ചിയില്‍ കാലാവസ്ഥ പ്രതികൂലമാകുമോ എന്ന സംശയത്തില്‍ പലയിടത്തും ഈദ്ഗാഹുകള്‍ ഒഴിവാക്കി. കടവന്ത്ര സലഫി ജുമാ മസ്ജിദിലെ പെരുന്നാള്‍ നമസ്കാരത്തില്‍ നടന്‍ മമ്മൂട്ടി പങ്കെടുത്തു.
കൊല്ലം ബീച്ചിലെ പെരുന്നാള്‍ നമസ്കാരത്തിന് കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്‍റ് ഹുസൈന്‍ മടവൂരും മലപ്പുറം മഹദിന്‍ ഗ്രാന്‍ഡ് ജുമാ മസ്ജിദിലെ ഈദ് നമസ്കാരത്തിന് ഷൗക്കത്ത് സഖാഫി മണ്ണാര്‍ക്കാടും നേതൃത്വം നല്‍കി. കോഴിക്കോട് ചാലിയം ജുമാ മസ്ജിദില്‍ നടന്ന പ്രാര്‍ഥനയ്ക്ക് കാന്തപുരം അബൂബക്കര്‍ മുസലിയാരും മര്‍ക്കസ് പള്ളിയില്‍ റൗഫ് സഖാഫിയും നേതൃത്വം നല്‍കി.