സേലം– കൊച്ചി ദേശീയപാതയില്‍ മുഖംമൂടി സംഘത്തിന്‍റെ ആക്രമണത്തിന് ഇരയായതിന്‍റെ നടുക്കം വിട്ടുമാറാതെ മലയാളി യുവാക്കള്‍. എറണാകുളം പട്ടിമറ്റം സ്വദേശി അസ്ലമും സുഹൃത്തുക്കളുമാണ് ആക്രമിക്കപ്പെട്ടത്. കൊല്ലാന്‍ ലക്ഷ്യമിട്ടാണ് മൂന്ന് വാഹനങ്ങളിലായെത്തിയ സംഘം വന്നതെന്ന് ഇരുവരും പറയുന്നു. കേരള റജിസ്ട്രേഷനിലുള്ള മൂന്ന് വാഹനങ്ങളിലെത്തിയവരാണ് ആക്രമിച്ചതെന്നും ഇരുമ്പ് വടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് കാര്‍ അടിച്ച് തകര്‍ക്കുകയായിരുന്നുവെന്നും അസ്ലം പറയുന്നു. എങ്ങനെയെങ്കിലും രക്ഷപെടണമെന്നേ ആഗ്രഹമുണ്ടായിരുന്നുള്ളൂ. ഷോക്കായി ഇരുന്നു പോയ അസ്ലമിനോട് കാറെടുക്കാന്‍ താനാണ് പറഞ്ഞതെന്നും ചാള്‍സ് വ്യക്തമാക്കുന്നു. ചോദ്യംവും പറച്ചിലും കൂടാതെയാണ് വാഹനമടിച്ച് തകര്‍ത്തതെന്നും ഇന്നോവയില്‍ ഉണ്ടായിരുന്ന ഓഫിസ് സ്റ്റാഫുകള്‍ കരയുകയായിരുന്നുവെന്നും മനസാന്നിധ്യം വീണ്ടെടുത്ത് വണ്ടിയെടുത്തത് കൊണ്ട് ജീവന്‍ തിരിച്ച് കിട്ടിയതാണെന്നും യുവാക്കള്‍ പറയുന്നു. മരണം മുന്നില്‍ കണ്ടെ നിമിഷങ്ങളെ കുറിച്ച് ഇരുവരും പറയുന്നതിങ്ങനെ...
കമ്പനിയുടെ ആവശ്യത്തിനായി കമ്പ്യൂട്ടര്‍ വാങ്ങാനാണ് ബെംഗളൂരുവിലേക്ക് പോയത്. ഇവിടെ അതിന് റേറ്റ് കൂടുതലും അവിടെ കുറവുമാണെന്ന് കണ്ടു. കാറില്‍ പോയി കൊണ്ടുവരാമെന്ന രീതിയില്‍ പോയതാണ്. ഓഫിസിലെ രണ്ട് സ്റ്റാഫും സുഹൃത്തുമാണ് ഒപ്പമുണ്ടായിരുന്നത്. ബുധനാഴ്ച വൈകിട്ട് ഇവിടെ നിന്ന് പോയി വ്യാഴാഴ്ചയാണ് തിരിച്ചത്. തിരിച്ച് വരുന്ന വഴിക്ക് കോയമ്പൂര്‍ കഴിഞ്ഞ് വാളയാറിന് ഏകദേശം 20 കിലോമീറ്റര്‍ മുന്‍പ് മധുക്കരയെന്ന സ്ഥലത്ത് വച്ചാണ് സംഭവമുണ്ടായത്.
ഞങ്ങളൊരു സിഗ്നലില്‍ നിന്നു. സിഗ്നല്‍ ക്രോസ് ചെയ്ത് ഒരു 300 മീറ്റര്‍ മാറിയപ്പോഴാണ് മൂന്ന് വണ്ടികള്‍ പിന്നാലെ വന്നത്. ഇവര് ചേസ് ചെയ്യുന്നത് ആദ്യം ശ്രദ്ധിച്ചിരുന്നില്ല. ഫസ്റ്റ് ഇന്നോവ വന്ന് ഞങ്ങടെ ബാക്കിലൂടെ കയറി സൈഡിലൂടെ വരുന്നുണ്ട്. അപ്പ എനിക്ക് മനസിലാവണില്ല എന്താണ് സംഭവം എന്ന്..നേരെ പിന്നോട്ട് പോയ ശേഷം മുന്നോട്ടെടുത്ത് നമ്മുടെ വണ്ടിയുടെ ഡോറില്‍ ഉരച്ച് മുന്നിലേക്ക് കയറ്റി വണ്ടി ക്രോസ് ചെയ്ത് നിര്‍ത്തി. അത്രയും നേരം ചാള്‍സ് (ഒപ്പമുണ്ടായിരുന്ന സുഹൃത്ത്) ആണ് വണ്ടിയോടിച്ചിരുന്നത്. സംഭവത്തിന് കുറച്ച് മുന്‍പാണ് ഞാന്‍ വണ്ടിയോടിക്കാന്‍ തുടങ്ങിയത്. ഇവര് മുമ്പില്‍ കയറ്റി നിര്‍ത്തിയപ്പോള്‍ ഞാനോര്‍ത്ത് ഇവര് വണ്ടിയായിട്ടെന്തെങ്കിലും പ്രശ്നമുണ്ടായോ എന്നോര്‍ത്ത് ഞാന്‍ വണ്ടിയില്‍ തന്നെ ചുമ്മാ ഇരുന്നു. തിരിഞ്ഞ് നോക്കിയപ്പോള്‍ നമ്മുടെ സ്റ്റാഫ് കരയുകയാണ്. ബാക്കില്‍ നിന്ന് അവന്‍മാര് വണ്ടി അടിച്ച് പൊളിച്ച് തുടങ്ങി. ബാക്കില്‍ നിന്ന് വന്നവര് ആദ്യം അവിടുന്ന് അടി തുടങ്ങിയതാണ്.
ചാള്‍സെന്നോട് വണ്ടി എടുക്കെടാ, വണ്ടിയെടുക്കെടാ എന്ന് പറഞ്ഞു. വന്നവര് ഫുള്‍ മാസ്കിലാണ്. എന്താണെന്ന് ഒന്നും മനസിലാകുന്നില്ല. പെട്ടെന്ന് തന്നെ ഞാന്‍ വണ്ടി പിന്നിലേക്ക് എടുത്ത് ബാക്കില്‍ കിടന്ന എറ്റിയോസിലേക്ക് ഇടിച്ച് നീക്കി. പിന്നെ വണ്ടി മുന്നോട്ട് നല്ല സ്പീഡിലെടുത്ത് ഇന്നോവയുടെ രണ്ട് ഡോറും ഇടിച്ച് തെറിപ്പിച്ച് മുന്നോട്ട് പോയി. മുന്നൂറ് മീറ്ററിനടുത്ത് പൊലീസിന്‍റെ അടുത്ത് വരെ എത്തിച്ചു. അവരോട് വിവരം പറഞ്ഞു. വിഷ്വല്‍ നമ്മുടെ കൈയിലുണ്ടായി. അതാദ്യം ഓര്‍ത്തില്ല. കാറില്‍ കാമറയുണ്ട്. 30 ദിവസം വരെയുള്ള ദൃശ്യങ്ങള്‍ അതില്‍ കിട്ടും. എനിക്കത് കഴിഞ്ഞപ്പോഴാണ് റിലേ കിട്ടുന്നത്. മൂന്ന് വണ്ടികളുടെയും നമ്പര്‍ അതില്‍ കൃത്യമായി കിട്ടിയിട്ടുണ്ട്. മൂന്നും കേരള വണ്ടികളാണ്. ഒരുതര്‍ക്കവും ആരുമായി ഉണ്ടായിട്ടില്ല.
ഇതാദ്യമായാണ് ഇങ്ങനെ. സിനിമയിലേ ഇങ്ങനെയൊക്കെ കണ്ടിട്ടുള്ളൂ. ആദ്യമായാണ് ഇങ്ങനെയൊന്ന് അനുഭവിക്കുന്നത്. അവിടെ പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പുത്തന്‍ വണ്ടിയായിരുന്നു. മൂന്ന് മാസമേ ആയിട്ടുള്ളൂ എടുത്തിട്ട്. മൊത്തം അവര് തല്ലി തകര്‍ത്ത് കളഞ്ഞു. ചോദ്യം പറച്ചിലും ഒന്നും ഉണ്ടായില്ല. വന്ന വഴി തന്നെ ടൂള്‍സെടുത്തു ഇറങ്ങി, വണ്ടി അടിച്ചു. കൂട്ടത്തില്‍ ഒരാള്‍ മാസ്ക് വച്ചിരുന്നില്ല. വണ്ടി ഞാന്‍ ബാക്കിലേക്ക് എടുക്കുമ്പോള്‍ അയാള്‍ വണ്ടിയുടെ ഡിക്കി തുറക്കാന്‍ ശ്രമിക്കുന്നത് കൃത്യമായി ദൃശ്യങ്ങളില്‍ കാണാം.
എങ്ങനേലും രക്ഷപെടണം, കാര്‍ന്നോമ്മാര് നമ്മളെ നോക്കി ഇരിക്കുവല്ലേ. ഇവനാകെ ഷോക്കായി ഇരിപ്പാണ്. വണ്ടിയെടുക്കാന്‍ ഞാനാണ് പറഞ്ഞത്. രക്ഷപെടണമെന്നേയുള്ളൂണ്ടിയിരുന്നുള്ളൂ. ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ട് ജനങ്ങളിലേക്ക് എത്തിക്കാന്‍ ഉള്ള ദൃശ്യങ്ങള്‍ കിട്ടി. ഞങ്ങളെ കൊല്ലാന്‍ ആണ് അവര് വന്നത്. അതുപോലത്തെ അടിയായിരുന്നു.