തെരുവുനായയുടെ കടിയേല്‍ക്കാതിരിക്കാന്‍ പിന്നിലേക്ക് മാറിയയാള്‍ കാറിടിച്ച് മരിച്ചു. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം. കണ്ണന്‍കുളങ്ങര വെള്ളാങ്ങിത്തോപ്പില്‍ സ്വദേശി ഷാജി (54)യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ കണ്ണന്‍കുളങ്ങര ക്ഷേത്രത്തിന് സമീപം വച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു ഷാജി.
നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ എടുക്കാന്‍ ഒരുങ്ങുന്നതിനിടെ വണ്ടിയുടെ അടിയില്‍ കിടന്ന തെരുവുനായ കുരച്ച് കൊണ്ട് ഷാജിക്ക് നേരെ ചാടി. കടിയേല്‍ക്കാതിരിക്കാന്‍ പിന്നോട്ടാഞ്ഞ ഷാജിയെ അതുവഴി വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷാജിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചെയോടെ മരിച്ചു.