സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സിപിഎമ്മിന്‍റെ മുസ്്ലിം വിരുദ്ധ പ്രചാരണം ബിജെപിക്ക് സഹായം ആയെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. സമസ്തയെ രാഷ്ട്രീയ കവലയിലേയ്ക്ക് വലിച്ചിഴയ്ക്കാന്‍ സിപിഎം ശ്രമിച്ചുവെന്നും തങ്ങള്‍ കുറ്റപ്പെടുക്കി.
മുസ്്ലിം ലീഗ് മുഖപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാദിഖലി തങ്ങള്‍ നിലപാട് വ്യക്തമാക്കിയത്. ഇടതില്ലെങ്കില്‍ മുസ്്ലിങ്ങള്‍ രണ്ടാം തരം പൗരന്മാരാകുമെന്ന് പറയുന്നത് തമാശയാണ്. സിപിഎമ്മിന്‍റെ മുസ്്ലിം വിരുദ്ധ പ്രചാരണം ബിജെപിക്ക് സഹായം ആയി. സിപിഎം വിതച്ചത് ബിജെപി കൊയ്തു. മുസ്്ലിം അപരവല്‍ക്കരണം തന്നെയാണ് ബിജെപിയുെട മുഖമുദ്ര. സമസ്തയെ അനാവശ്യമായി രാഷ്ട്രീയ കവലയിലേയ്ക്ക് സിപിഎം വലിച്ചിഴച്ചു. അത് ജനങ്ങള്‍ അംഗീകരിച്ചില്ലെന്നതിന് തെളിവാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം. ജനങ്ങളോട് നല്ല രാഷ്ട്രീയം പറയാനില്ലാതാകുമ്പോള്‍ സിപിഎം ഇത്തരം കുതന്ത്രങ്ങള്‍ പുറത്തെടുക്കുന്നത് പതിവാണ്. കമ്മ്യൂണിസത്തെ വിവിധ മതങ്ങളുടെ വര്‍ണകടലാസില്‍ പൊതിഞ്ഞ് സിപിഎം കേരളത്തില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിക്കുന്നു. വിവിധ ന്യൂനപക്ഷ വിഷയങ്ങളില്‍ ആദ്യം ഇടപെടുന്നുവെന്ന പ്രതീതിയുണ്ടാക്കിയത് വോട്ടുതട്ടാനുള്ള ശ്രമം മാത്രമാണെന്നും സാദിഖലി തങ്ങള്‍ അഭിമുഖത്തില്‍ കുറ്റപ്പെടുത്തി. വന്‍ ഭൂരിപക്ഷം നല്‍കിയ ജയത്തില്‍ അഹങ്കരിക്കാതെ വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ തയ്യാറാകണമെന്ന് പ്രവര്‍ത്തകരെയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.