തീപിടിത്തത്തിൽ മരിച്ച കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിൻ്റെ മൃതദേഹം സംസ്കരിച്ചു. കുറുവ ജംഗ്ഷനിലും വീട്ടിലും പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ആദരാഞ്ജലി അർപ്പിച്ചു. 25 വർഷമായി കുവൈത്തിലായിരുന്ന അനീഷ് കുമാർ ഒരു മാസം മുമ്പാണ് നാട്ടിൽ വന്നു മടങ്ങിയത്.
കഴിഞ്ഞ വരവിൽ ഒരു മടക്കം കുവൈത്തിലേക്ക് ഇല്ലെന്ന് ഉറപ്പിച്ചതാണ് അനീഷ് . പക്ഷേ ജീവിതം കുറച്ചു കൂടി കരപ്പിടിപ്പിക്കാൻ വീണ്ടും കടൽ കടന്നു. കഴിഞ്ഞ ആഴ്ച പുതിയ ജോലിക്ക് കയറി. തീപിടിത്തമുണ്ടായ കെട്ടിടത്തിൻ്റെ മൂന്നാം നിലയിലായിരുന്നു അനീഷ് . നാട്ടിൽ ബസ് കണ്ടക്ടറായിരുന്ന അനീഷ് കുവൈത്തിലെ മംഗഫിൽ സൂപ്പർ മാർക്കറ്റിലെ സൂപ്പർ വൈസർ ആയിരുന്നു.
വ്യാഴാഴ്ച്ച രാത്രി 7 മണിയോടെയാണ് അനീഷിൻ്റെ മരണം സ്ഥിരികരിച്ചത്. ഇന്നലെ വൈകിട്ടോടെ കണ്ണൂരിൽ എത്തിയ മൃതദേഹം രാവിലെ 7.15 ഓടെ കുറുവ ജംഗ്ഷനിൽ പൊതു ദർശനത്തിന് വച്ചു. 10 മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. ഭാര്യ സന്ധ്യയുടെ അമ്മ സതിയുടെ കരച്ചിൽ കണ്ടു നിൽക്കാൻ ആവുന്നതായിരുന്നില്ല
പതിനൊന്ന് മണിയോടെ മൃതദേഹം വീട്ടിൽ നിന്ന് പയ്യാമ്പലത്തേക്ക് കൊണ്ടു പോയി. പയ്യാമ്പലത്ത് എത്തിച്ച മൃതദേഹത്തിൽ അനീഷിൻ്റെ മക്കളായ അശ്വിനും ആദിഷും ചേർന്ന് തീ കൊളുത്തി. അനീഷ് ഇനി ഓർമ