BMS

TOPICS COVERED

ഇരിങ്ങാലക്കുടയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ബി.എം.എസ്. നേതാവ് ഷാജു കൊലക്കേസില്‍ സി.പി.എമ്മുകാരായ മൂന്നു പ്രതികളേയും കോടതി വെറുതെവിട്ടു. ചാലക്കുടിയില്‍ സി.ഐ.ടി.യു നേതാവായ മാഹിനെ കൊന്നതിന്റെ തിരിച്ചടിയായി ബി.എം.എസ്. നേതാവിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 

2007 ഫെബ്രുവരി 12നായിരുന്നു കൊലപാതകം. ഇരിങ്ങാലക്കുട കല്ലേങ്കരയിലെ കേരള ഫീഡ്സ് കമ്പനിയില്‍ ബി.എം.എസ്. നേതാവ് ഷാജുവിനെ വെട്ടിക്കൊല്ലുകയായിരുന്നു. ആറു പേരായിരുന്നു പ്രതികള്‍ ഇതില്‍ മൂന്നു പേര്‍ വിചാരണ പൂര്‍ത്തിയാക്കും മുമ്പേ മരിച്ചു. ആളൂര്‍ സ്വദേശി ഷഫീഖ്, കിഷോര്‍, ചെങ്ങാലൂര്‍ സ്വദേശി ഇന്ദ്രന്‍കുട്ടി എന്നിവരായിരുന്നു വിചാരണ നേരിട്ട പ്രതികള്‍. മൂവരും സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകര്‍. സി.ഐ.ടി.യു നേതാവ് മാഹിനെ പോട്ട ധന്യ ആശുപത്രിയിലിട്ടായിരുന്നു കൊന്നത്. ഈ കൊലപാതകത്തിന്റെ പകരംവീട്ടലായിരുന്നു ഷാജുവിന്റേത്. മൂന്നു ദൃക്സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചിരുന്നു. ബി.ജെ.പി. ഓഫിസിലെ പട്ടികയനുസരിച്ചാണ് സാക്ഷികളെന്ന് പ്രതിഭാഗം വാദിച്ചു. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞതുമില്ല. കോഴിക്കോട്ടെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ ടി.ഷാജിത്തായിരുന്നു പ്രതിഭാഗത്തിനു വേണ്ടി ഹാജരായത്.

കൊടകര പൊലീസാണ് കേസന്വേഷിച്ചത്. കേസിലെ കൂട്ടുപ്രതികളായ ജിന്‍ഷാദ്, ഷാജഹാന്‍, റഹീം എന്നിവര്‍ പിന്നീട് മരണപ്പെട്ടു. മാഹിനെ കൊന്ന കേസില്‍ ബി.എം.എസുകാരെ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. ഷാജു കൊലക്കേസില്‍ പ്രതികളെ വെറുതെ വിട്ടത് പ്രോസിക്യൂഷന് തിരിച്ചടിയായി. ഇതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്

ENGLISH SUMMARY:

Court Acquits All Three CPM Members Accused in the Murder of BMS Leader Shaju