വാല്‍പ്പാറയിലെ തോട്ടം തൊഴിലാളികളുടെ ഉറക്കം കെടുത്തി ആനയും, കാട്ടുപോത്തും, ചെന്നായ്ക്കൂട്ടവും. ജനവാസമേഖലയോട് ചേര്‍ന്നുള്ള തോട്ടങ്ങളില്‍ നിലയുറപ്പിക്കുന്ന വന്യമൃഗങ്ങള്‍ കാട് കയറാന്‍ കൂട്ടാക്കാത്തതാണ് പ്രതിസന്ധി. സുരക്ഷയെക്കരുതി തോട്ടം തൊഴിലാളികള്‍ പലരും ജോലിക്ക് താല്‍ക്കാലിക അവധി നല്‍കിയിരിക്കുകയാണ്.
പുതുതോട്ടം എസ്റ്റേറ്റിലായിരുന്നു കാട്ടാനകളുടെ സ്വതന്ത്ര വിഹാരം. നാട്ടുകാര്‍ ബഹളം കൂട്ടിയെങ്കിലും വനത്തിലേക്ക് മാറാന്‍ കൂട്ടാക്കിയില്ല. വിവരമറിഞ്ഞെത്തിയ മാനാമ്പിള്ളി റേഞ്ച് ഓഫിസര്‍ മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആനകളെ കാട്ടിലേക്ക് തുരത്തിയത്. ആന മാത്രമാണ് തോട്ടം തൊഴിലാളികളെ വലയ്ക്കുന്നതെന്ന് കരുതിയാല്‍ തെറ്റി. ഇനിയുമുണ്ട് കാടിറങ്ങിയെത്തി നാട് താവളമാക്കിയവര്‍. കരുമല എസ്റ്റേറ്റിലും അയ്യര്‍പാടിയിലുള്ള തേയില തോട്ടങ്ങളിലും മുപ്പതിലേറെ കാട്ടുപോത്ത്. അവിടെ നിന്നും രക്ഷപ്പെട്ട് അടുത്തിടത്തേയ്ക്ക് എത്തിയാല്‍ ദേ നില്‍ക്കുന്നു ചെന്നായ്ക്കൂട്ടം. ഈ സാഹചര്യത്തില്‍ എങ്ങനെ തോട്ടത്തിലിറങ്ങി പണിയെടുക്കാനാവുമെന്ന് തൊഴിലാളികള്‍.
അപ്രതീക്ഷിതമായി തോട്ടത്തില്‍ വന്യമൃഗങ്ങളെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച് വീണ് പരുക്കേറ്റവരുമുണ്ട്. മഴ കനക്കുമ്പോള്‍ വന്യമൃഗങ്ങള്‍ വനത്തില്‍ തുടരുമെന്ന പതിവാണ് തെറ്റിയത്. ഓരോദിവസവും കൂടുതല്‍ വന്യമൃഗങ്ങള്‍ വാല്‍പ്പാറയിലെ വിവിധ മേഖലയില്‍ തമ്പടിക്കുകയാണ്. ജോലിക്ക് താല്‍ക്കാലിക അവധി നല്‍കി ലയങ്ങളില്‍ കഴിയുന്ന തൊഴിലാളികളുടെ എണ്ണം കൂടിയിട്ടുണ്ട്. തോട്ടത്തിലേക്കിറങ്ങുന്നവര്‍ സ്വയം ജാഗ്രത പാലിക്കണമെന്നാണ് വനംവകുപ്പിന്റെ മുന്നറിയിപ്പ്.