'കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ എന്റെ അനിയൻ ഉണ്ടോ എന്ന് ഒന്ന് തിരക്കുമോ.. എന്റെ അനിയൻ മരണപ്പെട്ടു എന്നു പറയുന്നു.. പ്ലീസ്..' കുവൈത്തിലെ അപകട വാർത്തയറിഞ്ഞ് എന്‍ബിറ്റിസിയില്‍ ജോലി ചെയ്യുന്ന ശാസ്താംകോട്ട സ്വദേശി ഷെമീറിന്റെ സൗദിയിലുള്ള സഹോദരൻ ഷൈജു യുഎഇയിലെ മാധ്യമപ്രവർത്തകൻ അരുൺ രാഘവനു ഫെയ്സ്ബുക്കിലൂടെ അയച്ച മെസേജാണിത്. പാസ്പോർട്ട് നമ്പരും പേരും വിലാസവും ചോദിച്ച അരുണിനു ഷെമീറിന്റെ പാസ്പോർട്ടിന്റെ മുൻ പേജിന്റെ പടവും ഷൈജു അയച്ചു. തൊട്ടുപിറകെ ഷൈജു തന്നെ ‘പോയി അണ്ണാ..’ എന്ന് അറിയിക്കുകയായിരുന്നു.
ശൂരനാട് വടക്ക് ആനയടി വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഷെമീറിന്റെ വിയോഗവാർത്ത ഇന്നലെ അറിയിച്ചപ്പോഴേക്കും ഭാര്യ സുറുമി ബോധമറ്റു വീണു. ഷെമീറിന്റെ വീട്ടിലേക്ക് ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും പ്രവാഹമാണ്. എല്ലാവരോടും സ്നേഹത്തോടെ ഇടപെട്ടിരുന്ന ഷെമീറിന്റെ ഓർമകൾ പങ്കുവച്ച് സുഹൃത്തുക്കളും എത്തുന്നുണ്ട്. വീടിന്റെ സമീപത്തുള്ള കൊല്ലം–തേനി ദേശീയ പാതയിലൂടെയാണ് ഷെമീർ ഡ്രൈവറായിരുന്ന സ്വകാര്യ ബസ് സർവീസ് നടത്തിയിരുന്നത്. കായംകുളം മുതൽ ഓയൂർ വരെയുള്ള റൂട്ടിൽ സൗഹൃദങ്ങളും ഏറെയായിരുന്നു. പ്രവാസജീവിതം തുടരുമ്പോഴും സൗഹൃദങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഷെമീർ ശ്രദ്ധിച്ചിരുന്നു.